കളക്ടറേറ്റിൽ പൊതുഉപയോഗത്തിന് ശൗചാലയങ്ങളില്ല
ആലപ്പുഴ: ശൗചാലയ സൗകര്യങ്ങളുടെ അപര്യാപ്തത കളക്ടറേറ്റിലെത്തുന്ന സ്ത്രീകൾക്ക് തലവേദനയാകുന്നു. കളക്ടറേറ്റ് വളപ്പിലും അതത് വിഭാഗങ്ങൾക്ക് മുന്നിലും മണിക്കൂറുകളോളം കാത്തിരുന്നാണ് ഓരോരുത്തരും ഉദ്യോഗസ്ഥരെ കണ്ടുമടങ്ങുന്നത്. ഈ സമയത്ത് അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ ശൗചാലയങ്ങൾ ലഭ്യമല്ല.
മുൻപ് കളക്ടറേറ്റിനകത്തെ ശൗചാലയം പൊതുജനങ്ങൾക്കും ഉപയോഗിക്കാമായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെയാണ് പൂട്ട് വീണത്. ഓഫീസുകൾക്കുള്ളിലും നിയന്ത്രണങ്ങൾ കർക്കശമാക്കിയതിനാൽ സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധാരണക്കാർക്ക് സാധിക്കുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് അടുത്തുള്ള ഹോട്ടലുകളാണ് പ്രധാന ആശ്രയം. അവിടെയും സൗകര്യം ലഭിക്കുന്നില്ലെങ്കിൽ വീട്ടിൽ തിരിച്ചെത്തുംവരെ ശങ്കയോടെ സമയം തള്ളിനീക്കുകയേ നിർവാഹമുള്ളൂ.
കളക്ടറേറ്റ് ശുചിമുറിയിൽ മാലിന്യ നിക്ഷേപത്തിന് മാർഗമില്ലാത്തതും ആക്ഷേപത്തിന് കാരണമായിരുന്നു. സ്ത്രീകൾക്കുള്ള ശുചിമുറിയിൽ സാനിട്ടറി നാപ്കിനുകൾ നിക്ഷേപിക്കാൻ സൗകര്യമില്ലാത്തത് മൂലം ജീവനക്കാരടക്കം ഏറെ ബുദ്ധിമുട്ടിയിരുന്നു. കളക്ടറേറ്റിൽ എത്തുന്നവരുടെ എണ്ണത്തിൽ നിലവിൽ നിയന്ത്രണമുള്ളതിനാലാണ് കാര്യമായ പരാതികൾ അധികൃതർക്ക് മുന്നിലെത്താത്തത്. വ്യത്യസ്ത ആവശ്യങ്ങൾക്ക് വരുന്ന സ്ത്രീകൾക്ക് അടിയന്തര സാഹചര്യങ്ങളിലെങ്കിലും ഉപയോഗിക്കാൻ ശൗചാലയ സൗകര്യം ലഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വിവിധ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാൽ മണിക്കൂറുകളാണ് കളക്ടറേറ്റിൽ ചെലവഴിക്കേണ്ടിവന്നത്. കൊവിഡ് കാലമായതിനാൽ ശൗചാലയ ആവശ്യവും പറഞ്ഞ് ഏതെങ്കിലും വീട്ടിലേക്കോ ഭക്ഷണശാലകളിലേക്കോ കയറിച്ചെല്ലാൻ സാധിക്കില്ല. സ്ത്രീകളുടെ ബുദ്ധിമുട്ട് മനസിലാക്കി ശൗചാലയ സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാവണം
അനുപമ, ഹരിപ്പാട്