അഞ്ചു വർഷം കൊണ്ട് 63കാരൻ സൈക്കിളിൽ യാത്ര ചെയ്തത് 63,000 കിലോമീറ്റർ
പൂച്ചാക്കൽ : ദിവസവും 36 കിലോമീറ്റർ സൈക്കിൾ ചവിട്ടി തോമസ് മറികടക്കുന്നത് ദൂരത്തെ മാത്രമല്ല. മുട്ടുവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെക്കൂടിയാണ്. അഞ്ചു വർഷം കൊണ്ട് 63,000 കിലോമീറ്റർ സൈക്കിൾ യാത്ര ചെയ്തു കഴിഞ്ഞു തൈക്കാട്ടുശേരി തേവർവട്ടം ഏലൂക്കോട്ടിൽ തോമസെന്ന 63കാരൻ.
കേവലം വ്യായാമത്തിനു വേണ്ടിയല്ല അന്നത്തിനു വക തേടിയാണ് തോമസിന്റെ ഓരോ ദിവസത്തെയും യാത്ര. എറണാകുളം കങ്ങരപ്പടിയിലെ സൂപ്പർ മാക്സ് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായ തോമസ് വെളുപ്പിന് വീട്ടിൽ നിന്നിറങ്ങും. രണ്ടര മണിക്കൂർ നീളുന്ന സൈക്കിൾ യാത്രയ്ക്കൊടുവിൽ കമ്പനിയിലെ ഹാജർ ബുക്കിൽ ഒപ്പുവയ്ക്കും. അടുത്ത ദിവസം രാവിലെ ആറിനാണ് വീട്ടിലേക്ക് മടക്കയാത്ര. ഒന്നിടവിട്ട ദിവസങ്ങളിൽ ജോലി.
മുമ്പ്, നാട്ടിൽ കൂലിപ്പണി ചെയ്താണ് തോമസ് കുടുംബം പോറ്റിയിരുന്നത്. ചുമടെടുപ്പ് , വള്ളംപണി, കൃഷിപ്പണി, മരംവെട്ട്, കോൺക്രീറ്റ് തുടങ്ങിയ ജോലികൾക്ക് പോയിരുന്നു. പതിനൊന്നു വർഷം മുമ്പ് തടിവെട്ടുന്നതിനിടയിലുണ്ടായ അപകടം ജീവിതത്തിന്റെ താളം തെറ്റിച്ചു. വലത് കൈ ആകെ ഞെരിഞ്ഞു പോയി. പിന്നീട് രണ്ടു വർഷക്കാലം നിരന്തരമായ ചികിത്സയും വിശ്രമവും. വീട്ടിലെ ദൈനംദിന കാര്യങ്ങൾ പോലും ബുദ്ധിമുട്ടിലായി. മക്കളായ സോണിയയും, സോളമനും, ഷോമിനും വിദ്യാർത്ഥികളായിരുന്നു .ജിവിതത്തിന്റെ പ്രാരാബ്ധം മുഴുവൻ ഒറ്റക്ക് നേരിടേണ്ടി വന്ന ഭാര്യ റാണിക്ക് എങ്ങനെ കൈത്താങ്ങാൻ കഴിയുമെന്ന ചിന്തയായിരുന്നു തോമസിന് . ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സക്ക് വിട നൽകി സെക്യൂരിറ്റി ജീവനക്കാരന്റെ യൂണിഫോം ഇട്ടു. എറണാകുളത്തായിരുന്നു ജോലിയെന്നതിനാൽ കിട്ടുന്ന വേതനത്തിൽ നിന്നും ബസ് കൂലിയും വട്ടച്ചിലവും കഴിഞ്ഞാൽ നാമമാത്രമായിരുന്നു മിച്ചം.
അഞ്ഞൂറ് രൂപയുടെ സൈക്കിളും മാറിയശീലവും
ഏഴു വർഷം മുമ്പാണ് അഞ്ഞൂറ് രൂപയ്ക്ക് പഴയ ഒരു സൈക്കിൾ സ്വന്തമാക്കിയത്. ആദ്യമൊക്കെ അടുത്ത പരിസരങ്ങളിൽ മാത്രമായിരുന്നു സൈക്കിൾ യാത്ര. അഞ്ചു വർഷം മുമ്പ് ജോലിക്ക് പോകാൻ ബസ് കൂലി പോലും കൈയിലില്ലാതിരുന്ന ദിവസം കമ്പിനിയിലേക്ക് സൈക്കിൾ യാത്ര തുടങ്ങി. പിന്നെ, ഇതുവരെ നിറുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 63,000 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തു കഴിഞ്ഞു. ഓരോ ദിവസത്തേയും യാത്ര കുറിച്ചിടുന്ന ശീലക്കാരനായ തോമസിന് എല്ലാത്തിനും കണക്കുണ്ട്. വല്ലപ്പോഴും വരുന്ന ജലദോഷമോ പനിയോ അല്ലാതെ മറ്റൊരു അസുഖവും ഈ അഞ്ചു വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് തോമസ് പറയുന്നു. സ്ഥിരമായി ഉപയോഗിച്ചിരുന്ന വേദനസംഹാരി ഗുളികകൾ ഉപേക്ഷിച്ചു. സന്ധിവേദനയും മുട്ടുവേദനയും പമ്പ കടന്നു. കൊളസ്ട്രോളും ബി.പി.യും ഷുഗറുമൊക്കെ കൺട്രോളിലായി. അഞ്ചു വർഷം കൊണ്ട് 58,000 രൂപ ബസ് കൂലി ഇനത്തിൽ മിച്ചം പിടിക്കാനായി . അഞ്ഞൂറ് രൂപക്ക് വാങ്ങിയ സൈക്കിൾ കൊണ്ട് നേടിയത് ശാരീരിക പ്രശ്നങ്ങളിൽ നിന്നുള്ള മോചനവും സാമ്പത്തിക നേട്ടവുമാണെന്ന് തോമസ് പറയുന്നു.