ആലപ്പുഴ:കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളക്കൂറുള്ള മണ്ണായിരുന്ന വള്ളികുന്നം പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് പ്രസിദ്ധ ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനും നാടകകാരനുമായിരുന്ന തോപ്പിൽഭാസിയായിരുന്നു.
അന്ന് അദ്ദേഹം മത്സരിച്ച കടുവുങ്കൽ വാർഡിൽ ഇക്കുറി ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി തോപ്പിൽ ഭാസിയുടെ അനുജനും നാടകനടനുമായിരുന്ന അന്തരിച്ച തോപ്പിൽ കൃഷ്ണപിള്ളയുടെ മകൻ പ്രദീപ് തോപ്പിൽ. ശുരനാട് സംഭവത്തിന് ശേഷം കമ്യൂണിസ്റ്ര് പാർട്ടിയുടെ പ്രമുഖരായ നിരവധി നേതാക്കൾ ജയിലിലായി.ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോപ്പിൽ ഭാസിയെ പാർട്ടി സ്ഥാനാർത്ഥിയാക്കി. സ്വന്തം അമ്മാവൻ കടയ്ക്കൽ പരമേശ്വരൻ പിള്ളയെ തോല്പിച്ച ഭാസി പഞ്ചായത്ത് പ്രസിഡന്റുമായി. 1954-ൽ തിരു-കൊച്ചി നിയമസഭയിലേക്ക് ഭരണിക്കാവ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റു സ്ഥാനം രാജിവച്ചു. പിന്നീട് ഏറെക്കാലം കമ്യൂണിസ്റ്റ് തുടർഭരണമായിരുന്നു വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ.
15 വർഷമായി കായംകുളം കെ.പി.എ.സിയിലെ പ്രധാന നടനാണ് പ്രദീപ് തോപ്പിൽ.അച്ഛൻ തോപ്പിൽ കൃഷ്ണപിള്ള അനശ്വരമാക്കിയിരുന്ന കഥാപാത്രങ്ങൾ തന്നെയാണ് പഴയ നാടകങ്ങളിൽ പ്രദീപും അവതരിപ്പിക്കുന്നത്.തിരഞ്ഞെടുപ്പിൽ ആദ്യ ഊഴമാണ് സി.പി.ഐ പ്രതിനിധിയായ പ്രദീപിന്.
ഇതുകൊണ്ട് തീരുന്നില്ല,വള്ളികുന്നത്ത് തിരഞ്ഞെടുപ്പിലെ നാടക പെരുമ.18-ാം വാർഡിൽ രണ്ട് സ്റ്രേജ് കലാകാരന്മാർ നേരിട്ട് ഏറ്റുമുട്ടുന്നു.കേരളത്തിലെ 30 ലധികം സമിതികൾക്ക് നാടക-നൃത്തനാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത മനോജ് കീപ്പള്ളിയാണ് ഇടതു സ്ഥാനാർത്ഥി.നടനും ഗാനരചയിതാവുമാണ്.സീരിയൽ രംഗത്തും പ്രവർത്തിച്ചു.ഇപ്പോൾ ഒരു ഷോർട്ട് ഫിലിമിന്റെ പണിപ്പുരയിലും. സി.പി.ഐ പ്രതിനിധിയാണ് മനോജ്.
അമച്വർ നാടകങ്ങളിലൂടെ അഭിനയത്തിന് നിരവധി അവാർഡുകൾ നേടിയിട്ടുള്ള ജി.രാജീവ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കെ.പി.എ.സി, തിരുവനന്തപുരം അതുല്യ തുടങ്ങിയ സമിതികളിൽ നടനായിരുന്നു.2010 ൽവാളാച്ചാൽ വാർഡിൽ നിന്നും 2015-ൽ ചൂനാട് വാർഡിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായ രാജീവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി.ശാന്തിലാലിനുമുണ്ട് നാടക ബന്ധം.പ്രൊഫഷണൽ നാടകങ്ങളിൽ അഭിനേതാവായിരുന്നു അദ്ദേഹം.ബി.ജെ.പി പ്രതിനിധിയാണ്.