കൊച്ചി: സ്വർണ വില ഇന്നലെ 60 രൂപ ഗ്രാമിനും പവന്ന് 480 രൂപയും കുറഞ്ഞ് 4560, 36480 എന്ന വില നിലവാരത്തിലേക്കെത്തി. രൂപയുടെ വിനിമയ നിരക്ക് 74 രൂപയിലാണ്.
സ്വർണ വില ചാഞ്ചാട്ടം നാലു മാസമായി തുടരുകയാണ്. ആഗസ്റ്റിൽ 5250 രൂപ ഗ്രാമിനും പവന് 42000 രൂപയും എത്തിയിരുന്നു. അതിന് ശേഷം ഇപ്പോഴും ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്.
അമേരിക്കൻ തിരഞ്ഞെടുപ്പിനിടെ അന്താരാഷ്ട്ര വിലയിൽ കുറവുണ്ടായി. പിന്നീട് ദീപാവലി സമയത്ത് വില ഉയർന്നെങ്കിലും വീണ്ടുമിപ്പോൾ താഴേക്കാണ്. കഴിഞ്ഞ 120 ദിവസങ്ങൾക്കുള്ളിൽ ഗ്രാമിന് 690 രൂപയുടേയും പവന് 5520 രൂപയുടേയും ഇടിവാണ് സംഭവിച്ചത്.
ഏതു വിലനിലവാരത്തിലും സ്വർണം വാങ്ങലും വിൽക്കലും തുടരുകയാണെങ്കിലും വൻകിട നിക്ഷേപകർ വിട്ടു നിൽക്കുകയാണ്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, ഉയർന്ന രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണത്തിന് അനുകൂല ഘടകമാണെന്ന് വിലയിരുത്തുന്നു. 2021 ആദ്യപാദം വരെ അനിശ്ചിതത്വം തുടരുമെന്നും സൂചനയുണ്ട്. കൊവിഡ് പ്രതിസന്ധികൾ അവസാനിക്കാൻ ഇനിയുമൊരുപാട് സമയമെടുക്കുമെന്നതിനാൽ
താൽക്കാലികമായി വില കുറഞ്ഞാലും ദീർഘകാല അടിസ്ഥാനത്തിൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത.