കൊച്ചി: വെള്ളമില്ലെന്ന പരാതി കേൾക്കേണ്ട, റോഡ് മോശമാണെന്ന് ആരും പറയില്ല, ഭവന നിർമ്മാണത്തിന് സഹായം ആവശ്യമില്ല, മാലിന്യത്തെ കുറിച്ചുള്ള കുറ്റപ്പെടുത്തൽ കേൾക്കേണ്ട.... ഇത്തരം പ്രശ്നങ്ങളിൽ ജനപ്രതിനിധികളുടെ ഇടപെടൽ ആവശ്യമില്ലാത്ത ഡിവിഷനാണ് ഐലൻഡ്. വെറും 648 വോട്ടർമാർ മാത്രമാണ് 29 ാം ഡിവിഷനിലുള്ളത്. അതിൽ 60 ശതമാനം പേർ വോട്ടു ചെയ്താൽ അതു തന്നെ വലിയ കാര്യം. കേരളത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള ഡിവിഷനാണ് ഐലൻഡ്. രാജ്യത്തിന്റെ പരിച്ഛേദം. എല്ലാ സംസ്ഥാനക്കാരെയും ഇവിടെയും കാണാം. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
സ്വന്തമെന്ന വാക്കിന് പ്രസക്തിയില്ല
ഐലൻഡിൽ ആർക്കും സ്വന്തം വീടില്ല, ഭൂമിയുമില്ല. കൊച്ചി തുറമുഖം ഉൾപ്പെടുന്ന വെല്ലംഗ്ടൺ ഐലൻഡിൽ ആർക്കും സ്വന്തമായി ഭൂമി വാങ്ങാനാവില്ല.കൊച്ചി തുറമുഖ ട്രസ്റ്റ്, നാവികസേന, കസ്റ്റംസ്, സി.ഐ.എസ്.എഫ്., സെൻട്രൽ എക്സൈസ്, റെയിൽവെ തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണ് താമസക്കാരും വോട്ടർമാരും. സ്ഥാപനങ്ങൾക്കെല്ലാം ഐലൻഡിൽ ക്വാർട്ടേഴ്സുകളുണ്ട്. ക്വാർട്ടേഴ്സുകളിലാണ് വോട്ടർമാരുടെ താമസം.
കൗൺസിലർക്ക് വിശ്രമിക്കാം
മറ്റു ഡിവിഷനുകളിലെ പോലെ ഇവിടെ കൗൺസിലർക്ക് ഭാരിച്ച ജോലിയൊന്നുമില്ല. കാനയും കനാലുമൊക്കെയുണ്ടെങ്കിലും അതൊക്കെ വൃത്തിയാക്കുന്നത് പോർട്ട് ട്രസ്റ്റാണ്. റോഡുകളുടെ അറ്റകുറ്റപ്പണിയും നിർമ്മാണച്ചുമതലയും പോർട്ട് ട്രസ്റ്റിനു തന്നെ. കുടിവെള്ളത്തിന്റെയും വെള്ളക്കെട്ടിന്റെയും പ്രശ്നമില്ല. വൈദ്യുതി വിളക്കുകൾ തെളിക്കുന്നതും പോർട്ട് ട്രസ്റ്റ് തന്നെ. ജയിച്ചുകഴിഞ്ഞ് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെങ്കിലും ആരും പരാതി പറയില്ല.
നികുതിയിനത്തിലും നേട്ടം
ഐലൻഡിൽ ധാരാളം വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കാലത്ത് നികുതിയിനത്തിൽ ഓരോ വർഷവും കോർപ്പറേഷന് കനത്ത വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ സ്ഥാപനങ്ങളുടെ എണ്ണം കുറഞ്ഞെന്നു മാത്രമല്ല പോർട്ടുമായുള്ള കരാർ പുതുക്കുന്നതിൽ കോർപ്പറേഷൻ അധികൃതർ വീഴ്ചയും വരുത്തിയതോടെ ആ വകയിലുള്ള നികുതിയും നഷ്ടമായി.
വോട്ടർമാരെ കണ്ടുകിട്ടാൻ പാട്
വോട്ടർമാർ കുറവാണെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. എല്ലാവരും ഉദ്യോഗസ്ഥരാണ്. രാവിലെ ജോലിക്ക് പോയാൽ സന്ധ്യയോടെ തിരിച്ചെത്തും. ക്വാർട്ടേഴ്സിൽ സെക്യൂരിറ്റിയുണ്ട്. മിക്ക ക്വാർട്ടേഴ്സുകളും ബഹുനിലകളാണ്. ലിഫ്റ്റുകളില്ല. പടികയറി വിഷമിച്ചെത്തുമ്പോഴാണ് അവിടെ ആളില്ലെന്നറിയുക. വൈകിട്ട് 5.30 മുതൽ 8.30 വരെയുള്ള സമയത്താണ് പ്രചാരണമെന്ന് സ്ഥാനാർത്ഥികൾ പറയുന്നു.
പ്രതീക്ഷയോടെ മൂന്നു മുന്നണികളും
യു.ഡി.എഫിന്റെ കോട്ടയാണ്. വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. വേണുഗോപാൽ പറയുന്നു.ഇത് തൊഴിലാളികളുടെ കേന്ദ്രമാണ്. 40 വർഷമായി പോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തന്നെ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ സി.ഡി.നന്ദകുമാർ പ്രതികരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി പത്മകുമാരി ടി.എയും പ്രചാരണവുമായി മുന്നേറുന്നു.