കോഴിക്കോട്: രണ്ടില തണലിൽ മലയോരത്ത് കുതിക്കാനൊരുങ്ങി ഇടതുമുന്നണി. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ കോടഞ്ചേരി പഞ്ചായത്തിലുൾപ്പെടെ വലിയ മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ചുവടുറപ്പിച്ചിരിക്കുന്നത്. തിരുവമ്പാടി, പേരാമ്പ്ര, കുറ്റ്യാടി നിയമസഭ മണ്ഡലങ്ങളിലെ യു.ഡി.എഫ് അനുകൂല പ്രദേശങ്ങളിലേക്കാണ് കേരള കോൺഗ്രസ് എമ്മിന്റെ സഹകരണത്തോടെ കടന്നുകയറാമെന്ന് പ്രതീക്ഷിക്കുന്നത്. മലയോരത്ത് ജോസ്.കെ മാണിയുടെ അനുയായികൾ ഇടതുപക്ഷത്തിന് കരുത്താണ്.
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പിന്നാക്കം പോകാൻ കേരള കോൺഗ്രസ് എം ജോസ് വിഭാഗം തയ്യാറല്ല. ശക്തമായ പ്രവർത്തനമാണ് മലയോരം കേന്ദ്രീകരിച്ച് ഇവർ നടത്തുന്നത്. ജോസിന്റെ മുന്നണി മാറ്റം ബാധിക്കില്ലെന്ന് കരുതുമ്പോഴും യു.ഡി.എഫിൽ ആശങ്കയുണ്ട്. പതിറ്റാണ്ടുകളായി ഒരുമിച്ച് നിന്ന രണ്ടിലയും കൈയും നേരിട്ട് ഏറ്റുമുട്ടുമ്പോൾ യു.ഡി.എഫ് വോട്ടർമാർക്കിടയിൽ ഭിന്നിപ്പുണ്ടാകുമോയെന്ന ആശങ്ക യു.ഡി.എഫ് നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
അർഹമായ പരിഗണന എൽ.ഡി.എഫിൽ നിന്ന് ലഭിച്ചതായാണ് ജോസ് വിഭാഗത്തിന്റെ വിലയിരുത്തൽ. കാര്യമായ വിമത പ്രശ്നമോ പ്രതിഷേധമോ പർട്ടിയിൽ ഇല്ല. കൂരാച്ചുണ്ടിലാണ് ചില പ്രശ്നങ്ങളുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കോടഞ്ചേരി, കൂടരഞ്ഞി, തിരുവമ്പാടി, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെല്ലാം ജോസ് വിഭാഗം നിർണായകമാകും. പേരാമ്പ്ര, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകളിലും കേരള കോൺഗ്രസ് വോട്ടുകൾ ഇടതുപക്ഷത്തിന് നേട്ടമാകും. കോടഞ്ചേരി ജില്ല പഞ്ചായത്ത് ഡിവിഷനിലും നെല്ലിപ്പൊയിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഉള്ള പോരാട്ടങ്ങൾ ജോസ് വിഭാഗത്തിന് അഭിമാന പ്രശ്നമാണ്.
പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന കോടഞ്ചേരി പിടിച്ചെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കൂടിയായ ജോസ് പക്ഷം ജില്ല കമ്മിറ്റി അംഗം പ്രിൻസ് പുത്തൻകണ്ടത്തിൽ പറഞ്ഞു.
നാല് സീറ്റിലാണ് ഇവിടെ രണ്ടില ചിഹ്നത്തിൽ ജോസ് വിഭാഗം മത്സരിക്കുന്നത്. 12 സീറ്റിൽ സി.പി.എം പാർട്ടി ചിഹ്നത്തിലും മൂന്ന് സീറ്റിൽ എൽ.ഡി.എഫ് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. ഒരു സീറ്ര് എൽ.ജെ.ഡിയ്ക്കും ഒരു സീറ്റ് സി.പി.ഐയ്ക്കുമാണ്. കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ജെമീഷ് ഇളംതുരുത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മികച്ച സ്വീകരണമാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്ന് ജെമീഷ് ഇളംതുരുത്തി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.