വടകര: തിരഞ്ഞെടുപ്പായാൽ കൗതുകത്തിനെങ്കിലും പഴമ ചർച്ച ചെയ്യാറുണ്ട്. മായ്ച്ചിട്ടും മായാത്ത ചുമരെഴുത്തുകളാണ് അവയിൽ ഏറെയും. എന്നാൽ 1952 ജനുവരി 18 ന് വടകര ചുങ്കത്തിന് സമീപം കടപ്പുറത്ത് കെ.കരുണാകരൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നതിന്റെ പ്രചാരണ നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പറക്കുന്നത്. നോട്ടീസിൽ പ്രാസംഗികരായ പല പ്രമുഖരുടെയും പേരുകളുണ്ടെങ്കിലും മുൻ പിൻ പരിചിതനായ മുൻ മുഖ്യമന്ത്രി കെ.കരുണാകരനാണ് ചർച്ചയിലെ താരം. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് നടക്കുന്ന പ്രചീരണ യോഗ നോട്ടീസിൽ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ തിരഞ്ഞെടുപ്പ് ചിഹ്നമായ കാളപ്പെട്ടിയിൽ വോട്ടു ചെയ്യാനാണ് അഭ്യർത്ഥന. യോഗത്തിൽ ആയിരക്കണക്കിൽ പങ്കെടുക്കണമെന്ന ആഹ്വാനവും നോട്ടീസിലുണ്ട്. വടകര പ്രകാശ് പ്രസിൽ നിന്ന് അച്ചടിച്ച നോട്ടീസിൽ താഴെ അങ്ങാടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടേതാണ്.