കോലഞ്ചേരി: ഉടുക്കിന്റെ താളം. അയ്യപ്പകീർത്തനങ്ങളിൽ നിറയുന്ന ഭക്തി. വൃശ്ചിക രാത്രികളിലെ ഗ്രാമക്കാഴ്ചകളിൽ ഒന്നായിരുന്നു ഒരു ദേശത്തെയാകെ ഒന്നിപ്പിക്കുന്ന അയ്യൻപ്പൻ വിളക്കുകൾ. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വൃശ്ചികം ഒന്നു മുതൽ അയ്യപ്പൻ വിളക്കാഘോഷത്തിരക്കുകളിലേക്ക് പോകുന്ന പതിവ് ഇക്കുറി തെറ്റി.
വിളക്കാഘോഷങ്ങൾ ഇല്ലാതായതോടെ ദേശങ്ങളും നിരാശയിലായി. ഒപ്പം അയ്യപ്പൻവിളക്ക് സംഘങ്ങളും.
നിരാശയുടെ
ചിന്ത് പാട്ടുകൾ
തുലാം 28മുതലാണ് വിളക്കാഘോഷങ്ങൾ തുടങ്ങുന്നത്. മണ്ഡല സീസണായ വൃശ്ചികം മുതൽ സംഘങ്ങൾക്ക് തിരക്കേറും. തുടർച്ചയായി 80 ദിവസം വിവിധ സ്ഥലങ്ങളിലായി നാല്പത് വിളക്കാഘോഷങ്ങൾ വരെ ഉണ്ടാകാറുള്ള സംഘങ്ങൾക്ക് ഇത്തവണ പരിപാടികൾ ഒന്നും ലഭിച്ചിട്ടില്ല. ഉടുക്ക്, ചിന്ത്പാട്ട്, ചെണ്ട, നാദസ്വരം കലാകാരൻമാർ ലൈറ്റ് ആൻഡ് സൗണ്ട്, അമ്പലം നിർമ്മിക്കുന്നതിന് വാഴപ്പിണ്ടി തയ്യാറാക്കുന്നവർ, കോമരങ്ങൾ, പൂജാരി, കുരുത്തോല ഒരുക്കുന്നവർ എന്നിവരെല്ലാം ഒത്തൊരുമിച്ചാണ് അയ്യപ്പൻവിളക്ക് ഭംഗിയാക്കുന്നത്. ഇങ്ങനെ നാൽപ്പതുപേരോളം അടങ്ങുന്ന വലിയ സംഘങ്ങളുടെ പ്രതീക്ഷയാണ് മണ്ഡലകാലം. ഭൂരിഭാഗം പേരും മണ്ഡലകാലത്ത് വ്രതമെടുത്ത് ഭക്തിയോടെയാണ് ചടങ്ങുകൾക്കെത്തുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് ജോലികൾക്ക് പോകാൻ കഴിയാത്തവരുമായ ചുരുക്കം പേർക്ക് ജീവനോപാധികൂടിയാണിത്. കൊവിഡ് കാലത്ത് അയ്യപ്പൻവിളക്കുകൾ മാഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിവർ.
കേരളത്തിന് പുറത്തും
ദേശക്കമ്മിറ്റികളും തറവാട്ടുകാരും വീട്ടുകാരുമാണ് പ്രധാനമായും അയ്യപ്പൻവിളക്ക് വഴിപാട് കഴിക്കാറുള്ളത്. അറുപതിനായിരം മുതൽ നാലുലക്ഷം രൂപവരെ ചെലവ് വരുന്ന വിളക്കുകളുണ്ട്. പൊതു ചടങ്ങുകൾ പോലെയാണ് മിക്കയിടങ്ങളിലും വിളക്കുകൾ നടത്താറുള്ളത്. ജാതി മത ദേദമന്യെ എല്ലാവരും ഒറ്റക്കെട്ടായാണ് പലയിടങ്ങളിലും അയ്യപ്പൻവിളക്ക് നടത്താറുള്ളത്. ആഘോഷവും ഭക്തിയും എന്നതിലുപരി നാട്ടിലെ മതനിരപേക്ഷ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്ന ഒന്നായിരുന്നു അയ്യപ്പൻ വിളക്കുകൾ.കേരളത്തിലെ വിവിധ ജില്ലകൾക്കുപുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും അയ്യപ്പൻവിളക്ക് നടത്താറുണ്ട്.
ഇരുപത് പരിപാടികൾ വരെ സീസണിൽ ലഭിക്കാറുണ്ടായിരുന്നു. 10000 മുതൽ 15000 രൂപ വരെയാണ് പ്രതിഫലം ലഭിച്ചിരുന്നത്. ഇക്കുറി കെട്ടി വച്ച ഉടുക്കഴിച്ചിട്ടില്ല. ഒരു വർഷത്തേക്ക് കരുതുന്ന വരുമാനമാണ് ഒറ്റയടിയ്ക്ക് ഇല്ലാതായത്.
സുരേഷ്
ഉടുക്ക് പാട്ട് കലാകാരൻ