വടകര: തദ്ദേശ തിരഞ്ഞെടുപ്പിൽ വടകരയിലുണ്ടാക്കിയ യുഡിഎഫ്- ആർ.എം.പി ധാരണ തെറ്റിച്ച് ജനകീയ മുന്നണി അംഗീകരിച്ച സ്ഥാനാർത്ഥിക്കെതിരെ വിമതൻ എത്തിയത് കോൺഗ്രസ് നേതാക്കൾക്കിടയിൽ പോരിന് വഴിവെച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിൽ യു.ഡി.എഫുമായുള്ള ധാരണ പ്രകാരം ആർ.എം.പി.ഐയുടെ സി. സുഗതനാണ് സ്ഥാനാർത്ഥി. ഇതിനിടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്തുണയോടെ കെ.പി ജയകുമാർ മത്സരരംഗത്തെത്തിയതാണ് ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരാൻ ഇടയാക്കിയത്.
വടകരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് കെ.മുരളീധരൻ എം പി അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കെ.പി.സി.സി പ്രസിഡന്റിന്റെ പിന്തുണയുണ്ടെങ്കിൽ സ്ഥലം എം പി എന്ന നിലയിൽ തന്നെയും അറിയിക്കണമായിരുന്നുവെന്ന് മുരളീധരൻ പറയുന്നു. സ്ഥാനാർത്ഥി തർക്കം തീരാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന ഉറച്ച നിലപാട് മുരളീധരൻ അടുത്ത പാർട്ടി പ്രവർത്തകരെ അറിയിക്കുകയും ചെയ്തു. വടകര മണ്ഡലത്തിൽ എവിടെയും പ്രചാരണത്തിന് ഇല്ലെന്ന വാശിയിലാണ് കെ.മുരളീധരൻ. കഴിഞ്ഞ ദിവസം നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കെ. മുരളീധരന്റെയും മറ്റ് ഉയർന്ന നേതാക്കളുടെയും അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയുള്ളപ്പോൾ മറ്റൊരാൾക്ക് വോട്ടഭ്യർത്ഥന അച്ചടക്ക ലംഘനമാവുമോയെന്ന ആശങ്കയിലാണ് നേതാക്കളിൽ പലരും കൺവെൻഷനിൽ നിന്ന് വിട്ടുനിന്നതെന്നാണ് അറിയുന്നത്. ഇതിനിടെ സ്ഥാർത്ഥിയെ ചൊല്ലി കെ.പി.സി.സി പ്രസിഡന്റും സ്ഥലം എം.പിയും തമ്മിലുള്ള തർക്കം എതിരാളികൾ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.