കോഴിക്കോട്: താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറയാൻ സി.പി.എം പ്രവർത്തകർ മടിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ 'കേരളകൗമുദി'യോട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം വിലയിരുത്താമോ ?
ഇത്തവണ യു.ഡി.എഫ് ജില്ലയിൽ മികച്ച വിജയം നേടും. 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ജില്ലയിൽ യു.ഡി.എഫ് മികച്ച വിജയം നേടിയത്. അതിനേക്കാൾ തിളക്കമുള്ള വിജയം നേടാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
യു.ഡി.എഫിന് വിജയിക്കാനുളള എന്ത് സാഹചര്യം ജില്ലയിലുണ്ട് ?
സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയിൽ താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറയാൻ സി.പി. എം പ്രവർത്തകർ മടിക്കുന്ന സ്ഥിതിയാണ്. അവർ ജനങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നു. സംസ്ഥാന മന്ത്രിമാരും പാർട്ടി നേതാക്കളും അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്ക് മരുന്ന് കേസിൽ അകപ്പെട്ടിരിക്കുന്നു. ജില്ലയിൽ എപ്പോഴും മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. എൽ.ഡി.എഫിന്റെ ശക്തി ക്ഷയിച്ച സാഹചര്യത്തിൽ യു.ഡി.എഫിന് മികച്ച വിജയം നേടാൻ കഴിയും.
കൂടാതെ എൽ.ഡി.എഫിന് പലയിടങ്ങളിലും റിബൽ സ്ഥാനാർത്ഥികളുമുണ്ട്. ഒരു കേഡർ പാർട്ടിയായ സി.പി.എമ്മിൽ നിന്ന് റിബൽ സ്ഥാനാത്ഥികൾ ഉണ്ടാവുകയെന്നത് പാർട്ടി പ്രവർത്തകർ അത്രത്തോളം സി.പി.എമ്മിനെ വെറുക്കുന്നുവെന്നതിന്റെ സൂചനയാണ്. മുൻകാലങ്ങളിൽ സി.പി.എമ്മിന് റിബൽ സ്ഥാനാർത്ഥികൾ ഉണ്ടാകാറില്ല. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നുവെന്നതാണ് കൗതുകം.
കോഴിക്കോട് നഗരത്തിൽ വികസന കുതിപ്പെന്നാണ് ഇടത് അവകാശവാദം ?
കോഴിക്കോട് നഗരത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർപ്ളാൻ തയ്യാറാക്കാൻ പോലും 40 വർഷമായി ഭരണത്തിന് നേതൃത്വം നൽകുന്ന ഇടത് മുന്നണിക്ക് സാധിച്ചിട്ടില്ല. 2010ൽ കോഴിക്കോട് കോർപ്പറേഷനിൽ വിജയം നേടാനായത് സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങൾ കോർപ്പറേഷനോട് ചേർത്തതുകൊണ്ടാണ്. ഇത്തവണ അതുണ്ടാവില്ല. കോർപ്പറേഷനോട് ചേർത്ത ഭാഗങ്ങളിലെ ജനങ്ങളും ഇപ്പോൾ ഇടത് മുന്നണിക്ക് എതിരാണ്.
ജില്ലയിൽ ബി.ജെ.പിയുടെ ശക്തി എങ്ങനെ വിലയിരുത്താം?
ബി.ജെ.പി ഒരു ശക്തിയേ അല്ല. നിലവിലുള്ള ശക്തി തന്നെ ചോർന്ന് പോയിരിക്കുകയാണ്. അവർ അമിതമായ പ്രതീക്ഷ പുലർത്തുകയാണ്. പായസം കഴിക്കുന്നത് സ്വപ്നം കാണുമ്പോൾ നല്ല മധുരമുള്ള പായസം കുടിക്കുന്നത് സ്വപ്നം കാണാമല്ലോ.