കൊല്ലം: മാസങ്ങളായി മുടങ്ങിക്കിടന്ന തെരുവുനായ പ്രജനന പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലാണ് പുരോഗമിക്കുന്നത്.
ജില്ലയിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് 74,416 തെരുവുനായ്ക്കളുണ്ട്. വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണം 70,744ഉം. ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ വലിച്ചെറിയുന്നതും യജമാനന്മാർ കരുണയില്ലാതെ ഉപേക്ഷിക്കുന്നതുമാണ് നായ് പെരുപ്പത്തിന് കാരണം. ജനന നിയന്ത്രണ ശസ്ത്രക്രിയകൾ തുടർച്ചയായി നടപ്പാക്കാത്തതും എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.
നവംബർ 6 നാണ് വീണ്ടും ജനന നിയന്ത്രണ ശസ്ത്രക്രിയകൾ ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയാ ക്യാമ്പുകൾ. 130 നായ്ക്കളെ വന്ധ്യംകരിക്കാൻ ഒരു ലക്ഷം രൂപയാണ് ചെലവ്.
പദ്ധതിക്കായി എട്ട് വെറ്ററിനറി സർജന്മാരെയും 32 ഡോഗ് ഹാന്റ്ലർമാരെയും നിയമിച്ചിട്ടുണ്ട്. ഓച്ചിറ, പന്മന, പിറവന്തൂർ, കരവാളൂർ, പത്തനാപുരം, കരീപ്ര, ചിതറ, പൂതക്കുളം, ആദിച്ചനല്ലൂർ, ഇളമ്പള്ളൂർ, ഉമ്മന്നൂർ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി ഇങ്ങനെ
തെരുവുനായ്ക്കളെ പിടികൂടി ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണത്തിന് വിധേയമാക്കും. തുടർന്ന് ആന്റിബയോട്ടിക്കുകൾ നൽകി മുറിവുണക്കി പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകും. പിന്നീട് പിടിച്ചിടത്ത് തന്നെ തിരിച്ചുവിടും.
ജില്ലയിൽ
വളർത്തുനായ്ക്കൾ: 70,744
തെരുവുനായ്ക്കൾ: 74,416
വന്ധ്യംകരിച്ചത്: 1,020
''
കൊല്ലം നഗരത്തിലും ഇതര പഞ്ചായത്തുകളിലും ഉടൻ പദ്ധതി ആരംഭിക്കും.
ഡോ.ഡി. ഷൈൻ കുമാർഎ.ബി.സി ജില്ലാ കോ ഓർഡിനേറ്റർ