പോത്തൻകോട്: ഗ്രാമങ്ങൾ നഗരങ്ങൾക്ക് വഴിമാറിയെങ്കിലും നാടൻ പാരമ്പര്യങ്ങളിൽ പലതും ഇവിടങ്ങളിൽ കൈമോശം വന്നിട്ടില്ല. പണിമൂല ഗോപാലൻ ചേട്ടന്റെ കടയിലെ പുലർകാലത്ത് തനി നാടൻ പശുവിൻപാൽ കൊണ്ടുള്ള ചായകുടിയും നാട്ടിൻപുറത്തെ വിശേഷം പറച്ചിലും അത്തരമൊരു കാഴ്ചയാണ്.
പുലർച്ചെ അഞ്ചരയോടെ ചായ കുടിക്കാനെത്തുന്ന പതിവ് സംഘങ്ങൾ ചായ നുകരുന്നതിനിടയിൽ നാട്ടുവിശേഷങ്ങളുടെയും പ്രധാന സംഭവങ്ങളുടെയും കെട്ടഴിക്കും. ഇലക്ഷൻ പടിവാതിൽക്കലെത്തിയതോടെ എല്ലാ ചർച്ചകളും ആ വഴിക്കായി. നഗരസഭാ പഞ്ചായത്ത് സ്ഥാനാർത്ഥി വിശേഷങ്ങൾ മാത്രമല്ല ജില്ലാതല തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളുടെ സാദ്ധ്യതകളും ചർച്ചയാകാറുണ്ട്.
ഓരോ സ്ഥാനാർത്ഥികളുടെയും മുൻകാല ചരിത്രവും കുടുംബ ബന്ധങ്ങളും എല്ലാം ചർച്ചകളിൽ നിറയും. പണിമൂല ദേവീ ക്ഷേത്രത്തിന്റെ വടക്കെയറ്റത്ത് തെറ്റിയാറിന്റെയും ബലിതർപ്പണ കടവിന്റെയും സമീപത്താണ് ഗോപാലൻ ചേട്ടന്റെ കട. ചായയും കടിയും കൂടാതെ അത്യവശ്യം പലവ്യഞ്ജനങ്ങൾ വാങ്ങാനെത്തുന്നവർക്കും ഇവിടത്തെ ചർച്ചകളും ചായകുടിയും പത്രവായനയും കൗതുകതരമാണ്.
കൊവിഡ് കാലമായതോടെ നിയന്ത്രണങ്ങൾ പാലിച്ചാണ് പലരുടെയും ഇരുപ്പ്. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവരും രാഷ്ട്രീയമില്ലാത്തവരും സംഘത്തിലുണ്ട്. ർച്ച നീളുന്നമ്പോൾ ചിലർ ഒന്നിലധികം ചായ അകത്താക്കിയിരിക്കും. പുലർകാലത്തും സായാഹ്നങ്ങളിലും നടക്കുന്ന ചർച്ചകൾക്ക് ഗോപാലൻചേട്ടനും തെളിനീരായി സമീപത്തുകൂടി ഒഴുകുന്ന തെറ്റിയാറും മൂകസാക്ഷികളാകും.