തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അൻപതു വർഷത്തേക്ക് അദാനി കമ്പനിക്കു കൈമാറുന്ന നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുൻപും ഇതേ വിഷയവുമായി സംസ്ഥാനം പരമോന്നത കോടതിയിൽ എത്തിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയെ ഏല്പിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമായതിനാൽ അതിൽ ഇടപെടാനാവില്ലെന്നായിരുന്നു കോടതി തീർപ്പ്. മാത്രമല്ല ടെൻഡറിന്റെ അടിസ്ഥാനത്തിൽ നടന്ന ഇടപാടിൽ അദാനി കമ്പനിയാണ് വിജയികളായത്. ടെൻഡർ വ്യവസ്ഥകൾ പൂർണമായും പാലിച്ചുകൊണ്ട് നടന്ന ഇടപാടിൽ പരാജയപ്പെട്ടതിനുശേഷം ആവലാതിയുമായി നീതിപീഠത്തെ സമീപിക്കുന്നതു തന്നെ നിരർത്ഥകമാണ്. എന്നാലും വീറോടും വാശിയോടും കൂടിത്തന്നെയാണ് സർക്കാർ നിയമ നടപടിക്കിറങ്ങിയിരിക്കുന്നത്.
പ്രശ്നം സംസ്ഥാന - കേന്ദ്ര സർക്കാരുകളും തമ്മിലോ അദാനി കമ്പനിയുമായോ ഉള്ള ഏറ്റുമുട്ടൽ എന്നതിനുപരി തിരുവനന്തപുരം വിമാനത്താവളത്തിന്റെ സർവ്വതോന്മുഖമായ വികസനം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന മുഴുവൻ നഗരവാസികൾക്കും വിമാനയാത്രക്കാർക്കും കനത്ത പ്രഹരം തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവഹാര നീക്കം. കേവലം ബാലിശമായ വാദങ്ങൾ ഉയർത്തി കുറെനാൾകൂടി കേസ് നീട്ടിക്കൊണ്ടുപോകാമെന്നല്ലാതെ വിമാനത്താവളത്തിനോ ജനങ്ങൾക്കോ യാതൊരു ഗുണവും കിട്ടാൻ പോകുന്നില്ലെന്ന കാര്യവും ഏവർക്കുമറിയാം. സർക്കാർ വാദങ്ങൾ പൂർണമായും നിരാകരിക്കുന്നതായിരുന്നു ഹൈക്കോടതിയുടെ തീർപ്പ്. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ പട്ടികയിൽ ഉൾപ്പെട്ട ഏക വിമാനത്താവളമല്ല തിരുവനന്തപുരത്തേത്. ആറെണ്ണത്തിൽ ഒന്നു മാത്രമാണ്. ഇവ എല്ലാറ്റിന്റെയും നടത്തിപ്പു ചുമതല അദാനിയുടെ കമ്പനിക്കു തന്നെയാണുതാനും.
വിമാനത്താവളത്തിന്റെ വികസനത്തിനായി 2005-ൽ സർക്കാർ 27 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിട്ടിക്കു നൽകിയത് ഇപ്പോൾ അവകാശമായി ഉന്നയിക്കുകയാണ്. ഇനിയും 18 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനിരുന്നപ്പോഴാണ് നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകാനുള്ള തീരുമാനമുണ്ടായത്. കേന്ദ്രം തീരുമാനം തിരുത്തിയില്ലെങ്കിൽ ഭൂമി ഏറ്റെടുക്കലിൽ നിന്ന് പിന്മാറുമെന്ന് സംസ്ഥാനം നിലപാടെടുത്തിരിക്കുകയാണ്. അതുപോലെ വിമാനത്താവളം വികസനത്തിനാവശ്യമായ അദാനി കമ്പനിയുടെ ഒരു നടപടിയിലും സംസ്ഥാന സർക്കാർ സഹകരിക്കുകയില്ലെന്നും പറയുന്നുണ്ട്. കേവലം അഭിമാന പ്രശ്നമായെടുക്കേണ്ട വിഷയമല്ല ഇത്. തിരുവനന്തപുരത്തെ വിമാനത്താവളം പരമാവധി വികസിക്കേണ്ടത് സംസ്ഥാനത്തിന്റെ തന്നെ ആവശ്യമാണെന്ന വസ്തുത മറന്നുകൊണ്ടാണ് സർക്കാർ നീങ്ങുന്നതെന്ന് പറയാതിരിക്കാനാവില്ല. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴറിയാം തിരുവനന്തപുരം വിമാനത്താവളത്തിന്റെ പരാധീനതകളും കുറവുകളും. അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി നേടിയിട്ട് മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിനുതക്ക എന്തു വികസനമാണ് ഇവിടെ നടന്നിട്ടുള്ളത്. ആദ്യകാലത്തുണ്ടായിരുന്ന വിദേശ സർവീസുകൾപോലും ഇപ്പോഴില്ല. ആഭ്യന്തര സർവീസുകളുടെ കാര്യത്തിലും വലിയ അവഗണനയാണ് നേരിടുന്നത്. സൗകര്യങ്ങളുടെ അഭാവവും വളരെ പ്രകടമാണ്. യാത്രക്കാരെ നന്നായി പിഴിയുന്നതിലൂടെ ലാഭമുണ്ടാക്കാനാവുന്നുണ്ടെങ്കിലും യാത്രാസൗഹൃദസൂചിക വച്ചു നോക്കിയാൽ സ്ഥിതി ഒട്ടും അഭിമാനകരമല്ല.
വിമാനത്താവള നടത്തിപ്പിനായി സർക്കാർ അവകാശവാദമുന്നയിക്കുമ്പോൾ പരിഗണിക്കപ്പെടേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സർക്കാരായാലും സ്വകാര്യ കമ്പനിയായാലും വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പിലെ കാര്യക്ഷമതയുമാണ് പ്രധാനമായും വിലയിരുത്തപ്പെടേണ്ടത്. അദാനി കമ്പനിക്കെതിരെ സർക്കാർ കോടതി മുൻപാകെ നിരത്തിയ പ്രധാന വാദങ്ങളിലൊന്ന് അവർക്ക് വിമാനത്താവള നടത്തിപ്പിൽ മുൻപരിചയമൊന്നുമില്ലെന്നതാണ്. ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഒറ്റയടിക്ക് നേടാനായെങ്കിൽ അതു നന്നായി നടത്തിക്കൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകളുണ്ടാക്കാനും അവർക്കു കഴിയുമെന്നു തീർച്ച. ഓരോ രംഗത്തും കഴിവും പരിചയവുമുള്ളവരെ നിയമിച്ചാകുമല്ലോ നടത്തിപ്പ്. ഏതു നിലയിൽ നോക്കിയാലും സേവനം നൽകുന്നതിൽ സ്വകാര്യ കമ്പനി എവിടെയും പിന്നിലാകാറില്ലെന്നതും യാഥാർത്ഥ്യമാണ്.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തുകൊണ്ടുള്ള പാട്ടക്കരാർ ഒപ്പിട്ട ശേഷമാണ് സർക്കാർ വീണ്ടും സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. 18 മാസമായി മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരാൻ കോടതി തീർപ്പാകുംവരെ കാത്തിരിക്കേണ്ടിവരുമോ എന്നറിയില്ല. പ്രതിസന്ധികളിൽപ്പെടുത്തി വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കരുതെന്ന ഉറച്ച നിലപാടുള്ള സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യം വരുമ്പോൾ വിരുദ്ധ സമീപനം സ്വീകരിക്കുന്നതിലെ ഔചിത്യമില്ലായ്മ ചർച്ച ചെയ്യപ്പെടേണ്ടതാണ്. നിയമ പോരാട്ടത്തിനൊപ്പം ജനകീയ പ്രക്ഷോഭവും ശക്തമാക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരത്തുകാരൻ കൂടിയായ മന്ത്രി ആഹ്വാനം ചെയ്തതായി വായിച്ചു. വിമാനത്താവളത്തിന്റെ വളർച്ച തടയാമെന്നല്ലാതെ ഇത്തരം പ്രക്ഷോഭം കൊണ്ട് ഒരു പ്രയോജനവുമില്ല. യഥാർത്ഥത്തിൽ നഗരവാസികൾ സമരം ചെയ്യേണ്ടത് വിമാനത്താവളത്തിന്റെ വികസനം മുടക്കുന്ന സർക്കാർ നിലപാടിനെതിരെയാണ്. എത്ര വലിയ അവസരങ്ങളാണ് ഇതിനകം നഷ്ടമായതെന്ന് കൂടി ചിന്തിക്കണം. വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം എപ്പോഴത്തെയും ആവശ്യം കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സേവനവുമാണ്. വിമാനത്താവളം വികസിച്ചാലേ അതൊക്കെ സാദ്ധ്യമാവൂ. പുതിയ ടെർമിനൽ നിർമ്മിക്കാൻ അദാനി കമ്പനിക്ക് ഒരു സൗകര്യവും നൽകില്ലെന്ന് സർക്കാർ പറയുമ്പോൾ അതിനർത്ഥം ഈ വിമാനത്താവളം ഇപ്പോഴത്തെ നിലയിൽത്തന്നെ എന്നും തുടരണമെന്നാണ്. പൊതുജനാഭിപ്രായമാണ് അളവുകോലെങ്കിൽ സർക്കാർ എന്നേ ഈ നിലപാട് തിരുത്തുമായിരുന്നു. വിമാനത്താവളത്തിന്റെ വൻ വികസനവും അതിലൂടെ നഗരത്തിനു ലഭിക്കുന്ന നേട്ടങ്ങളുമാണ് പ്രധാനം. തിരുവനന്തപുരം വിമാനത്താവളത്തെ സർക്കാർ ഞെക്കിക്കൊല്ലരുത്.