തിരുവനന്തപുരം: എന്തൊക്കെ പറഞ്ഞാലും ഒടുവിൽ സമുദായബലം നോക്കി സ്ഥാനാർത്ഥിയെ നിറുത്തുന്ന പാർട്ടി സീനിയർ നേതാവിന് ജില്ലാ നേതൃത്വം നഗരസഭയിൽ മത്സരിക്കാൻ ടിക്കറ്റ് കൊടുത്തത് സമുദായ വോട്ടു ബാങ്കിൽ കണ്ണു വച്ചിട്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ചിത്രം വന്നപ്പോൾ നേതാവ് പിൻവാങ്ങി. പകരം നേതാവ് നിർദേശിച്ച മറ്റൊരൊൾ സ്ഥാനാർത്ഥിയായി. 'യുവജനങ്ങൾക്കു വേണ്ടി വഴിമാറിക്കൊടുത്തുവെന്നാണ് നേതാവ് അണികളോടും മറ്റ് നേതാക്കളോടും വിശദീകരിച്ചത്. ആദ്യം കേട്ടവരൊക്കെ കൈയടിച്ചു. കാരണം രണ്ടാണ്. ഒന്ന്: പ്രായമായത് തിരിച്ചറിഞ്ഞ് മത്സര രംഗത്ത് നിന്നും മാറി. രണ്ട്: ആ സീറ്റിലേക്ക് നിർദേശിച്ചത് സ്വന്തം സമുദായക്കാരനല്ലായിരുന്നു.
എന്നിട്ടും ചില കുബുദ്ധികൾ ആ 'സന്മനസിനെ' സംശയിച്ചു.
മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർന്മാരുള്ള സമുദായ അംഗമായ നേതാവ് മത്സര രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ ആ സമുദായത്തിൽ നിന്ന് മത്സരിക്കാൻ ഒരാൾ മാത്രമേ രംഗത്തുള്ളൂ. അത് ദേശീയ മുന്നണിയിലെ സ്ഥാനാർത്ഥിയാണ്. അവിടെയാണ് കുബുദ്ധികൾക്ക് ഡൗട്ടടിച്ചത്. ഇനിയെങ്ങാനും ആ മുന്നണി സ്ഥാനാർത്ഥി അയാളുടെ കഴിവുകൊണ്ട് ജയിച്ചുകയറിയാൽ പിന്നെ ഈ നേതാവിനെ പാർട്ടിക്കാർ കുറ്റം പറയുകയും ചെയ്യും. അതുകൊണ്ട് സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനായി രംഗത്ത് ഈ നേതാവ് സജീവാമാണത്രേ.
വടക്കേ അറ്റത്തെ പട്ടണത്തിൽ രണ്ട് പ്രധാനമുന്നണി ചെയർമാൻ സ്ഥാനാർത്ഥിമാരും സ്വന്തം പാർട്ടികളിൽ നിന്നം റിബൽ ഭീഷണി നേരിടുകയാണ്. മുൻ കൗൺസിലർമാർ കൂടിയാണ് ഈ റിബലുകൾ. മറ്രൊരു വാർഡിൽ റിബലായി എത്തിയ സ്ഥാനാർത്ഥി ഇപ്പോൾ മൂന്നാമത്തെ മുന്നണി സ്ഥാനാർത്ഥിയായി എന്നും കേൾക്കുന്നു.