തൃശൂർ: ജയം തേടി നെട്ടോട്ടം ഓടുന്നതിനിടെ ഗ്രൂപ്പ് പോരുമായി നേതാക്കൾ പടപുറപ്പാട് നടത്തുന്നത് കോൺഗ്രസ് സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നു. സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞ് പത്രിക സമർപ്പണവും പിൻവലിക്കലും കഴിഞ്ഞ് സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമാകുന്നതിനിടയിലാണ് മുതിർന്ന നേതാക്കൾ ഗ്രൂപ്പ് യുദ്ധം മുറുക്കിയത്.
കോർപറേഷനിൽ അടക്കം വിവിധ സ്ഥലങ്ങളിൽ വിമതശല്യം ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാൻ ശ്രമിന്നതിനിടെയാണ് ഇന്നലെ മുതിർന്ന നേതാവ് കെ.പി വിശ്വനാഥൻ ഡി.സി.സി പ്രസിഡന്റിനെതിരെ രംഗത്തെത്തിയത്. ജില്ലാ യോഗങ്ങളിൽ തീരുമാനിച്ച സ്ഥാനാർത്ഥികളല്ല അന്തിമപ്പട്ടികയിൽ വന്നതെന്നും ഡി.സി.സി പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുത്തതായും വിശ്വനാഥൻ പറഞ്ഞിരുന്നു. എ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട പല സീറ്റുകളും നഷ്ടപ്പെട്ടു.
ജില്ലയിലെ മുതിർന്ന നേതാക്കളോട് പോലും കൂടിയാലോചിക്കാതെയാണ് തീരുമാനമെടുക്കുന്നതെന്നും വിസ്വനാഥൻ തുറന്നടിച്ചിരുന്നു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും വിജയസാദ്ധ്യതയുള്ളവരെയാണ് സ്ഥാനാർത്ഥികളാക്കിയതെന്നും ഡി.സി.സി പ്രസിഡന്റ് വിൻസന്റ് പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അഭിപ്രായം ഓരോ ഘട്ടത്തിലും തേടിയിരുന്നുവെന്നും വിൻസെന്റ് പറയുന്നുണ്ടെങ്കിലും സീറ്റ് ലഭിക്കാത്തവർ ഇത് തള്ളിക്കളയുകയാണ്. പരസ്യപ്പോര് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കോർപറേഷൻ പരിധിയിൽ നിരവധി ഡിവിഷനുകളിലും വിമതർ കടുത്ത ഭീഷണിയാണ് കോൺഗ്രസിന് ഉയർത്തുന്നത്.
വിമതർ മുൻ കൗൺസിലർമാർ
നെട്ടിശേരി, നടത്തറ, കൊക്കാലെ , ഗാന്ധി നഗർ എന്നിവിടങ്ങളിലാണ് പ്രധാനമായും വിമതരുള്ളത്. നെട്ടിശേരിയിൽ ഔദ്യോഗിക സ്ഥാനാർത്ഥി ബൈജു വർഗീസിനെതിരെ ഇവിടെ മുൻ കൗൺസിലർ ആയിരുന്ന എം.കെ വർഗീസാണ് വിമതൻ. കൈപ്പത്തി ചിഹ്നം വരച്ച് ഫ്ളക്സുകൾ ഉയർത്തി പ്രചാരണം തുടങ്ങിയ വർഗീസിനെ അവസാനം മാറ്റുകയായിരുന്നു. എന്നാൽ വർഗീസ് സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ല.
നടത്തറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി.ആർ സന്തോഷിനെതിരെ മുൻ കൗൺസിലർ കിരൺ സി. ലാസറാണ് വിമതനായി രംഗത്തുള്ളത്. കഴിഞ്ഞ തവണ തൈക്കാട്ടുശേരിയിൽ മത്സരിച്ച സന്തോഷ് നടത്തറയിലേക്ക് കുടിയേറുകയായിരുന്നുവെന്നാണ് കിരണിന്റെ പ്രചാരണം. കൊക്കാലെയിൽ ലീഗിലെ അഷ്റഫാണ് ഔദ്യോഗിക സ്ഥാനാർത്ഥി. ഇതിനെതിരെ ലീഗിലെ തന്നെ അൻവർ രംഗത്തുണ്ട്. കൂടാതെ മുൻ കോൺഗ്രസ് കൗൺസിലറുമായിരുന്ന അബ്ദുൾ മുത്തലീഫുമുണ്ട്. കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയായി കാണുന്ന രാജൻ പല്ലനെതിരെ ഗാന്ധി നഗറിൽ വലിയ ഭീഷണിയല്ലെങ്കിലും വിമതൻ കളത്തിലുണ്ട്. കഴിഞ്ഞ തവണ വിമതരായ റാഫി പി ജോസും ജേക്കബ് പുലിക്കോട്ടിലും വിജയിക്കുകയും എൽ.ഡി.എഫ് ഭരണസമിതിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇതിൽ ഭരണസമിതിയുടെ അവസാന കാലത്ത് റാഫി ഡെപ്യൂട്ടി മേയറായി.