തൃപ്രയാർ : നാട്ടിക പഞ്ചായത്തിലെ ചേർക്കര ആറാം വാർഡിൽ തിരഞ്ഞെടുപ്പ് പോരാട്ടം പൊടി പൂരമാവും. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയമാവുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസിലെ പുളിപറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ റീന പത്മനാഭനെതിരെ മകൻ ഷൈബുവിന്റെ ഭാര്യ സുഷിതയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി കളത്തിൽ ഇറങ്ങിയത്.
ചേർക്കരയിൽ മൂന്ന് മുന്നണികളും വളരെ നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രവർത്തന രംഗത്ത് ഇറങ്ങിയിരുന്നു. സി.പി.എമ്മിന്റെ സജീവ പ്രവർത്തകയായിരുന്ന റീന പാർട്ടിയോട് സലാം പറഞ്ഞാണ് കോൺഗ്രസിലെത്തിയത്. ദീർഘകാലം എൽ.ഡി.എഫ് ഭരിച്ചിരുന്ന ആറാം വാർഡിൽ അട്ടിമറിയിലൂടെ 2015ൽ യു.ഡി.എഫ് വിജയിച്ചിരുന്നു.
സ്ഥാനാർത്ഥിത്വത്തിൽ പടലപിണക്കം ഉണ്ടാകാതെ, മറ്റാരെയും പരിഗണിക്കാതെ കോൺഗ്രസ് മുൻകൂട്ടി റീനയെ തീരുമാനിച്ചത്. ഇതേ സമയത്ത് തന്നെ ബി.ജെപിയും തങ്ങളുടെ സ്ഥാനാർത്ഥിയായി റീനയുടെ മരുമകൾ സുഷിതയെ തന്നെ തീരുമാനിച്ചു. റീനയുടെ മകൻ ഷൈബു ബി.ജെ പി പ്രവർത്തകനാണ്. സി.പി.എം നിലവിൽ ബ്ലോക്ക് അംഗമായിരുന്ന രജനി ബാബുവിനെയാണ് മത്സരിപ്പിക്കുന്നത്.
അമ്മായി അമ്മയും മരുമകളും സ്ഥാനാർത്ഥിയായതോടെ തിരഞ്ഞെടുപ്പ് ശ്രദ്ധയാകെ ഇവിടേക്ക് തിരിഞ്ഞു. റീനയിലൂടെ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം സുഷിതയിലൂടെ ചരിത്ര വിജയം നേടാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ. കഴിഞ്ഞ തവണ കൈവിട്ട വാർഡ് രജനിയിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിന്.