ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യുവാക്കൾക്ക് ആത്മവിശ്വസവും ആത്മപരിശോധനയും നടത്താൻ ഇത് സഹായിക്കുമെന്നും ഇതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
"രാജ്യത്തെ യുവാക്കൾ സ്വയം തിരിച്ചറിയുകയെന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം." ലക്നൗ സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെർച്വൽ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും "ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്", ഒരു സ്വാശ്രയ ഇന്ത്യ എന്നിവയുടെ അടിത്തറയായിരിക്കും പുതിയ വിദ്യാഭ്യാസ നയമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം പരിപാടിയിൽ പങ്കെടുത്ത മോദി റെയ് ബറേലി റെയിൽ കോച്ച് ഫാക്ടറിയിലെ വീഴ്ച്ചകളെ പറ്റി പരാമർശിച്ചു. എന്നാൽ കോൺഗ്രസിനെയോ സോണിയ ഗാന്ധിയെയോ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ വിമർശനം.