ഒരേസമയം നായകനായും വില്ലനായും പകർന്നാടിയ ചരിത്രമായിരുന്നു അക്ഷരാർത്ഥത്തിൽ ഡീഗോ മറഡോണ. 34 വർഷം മുൻപ് പിറന്ന ആ വിവാദ ഗോളിനെ വിശേഷിപ്പിക്കുന്നത് ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോളെന്നാണ് 1986 ജൂൺ 22 നാണ് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ 1,14,000 ഓളം കാണികളെ സാക്ഷിയാക്കി ഡീഗോ മറഡോണ എന്ന അർജന്റൈൻ ഇതിഹാസം വിഖ്യാതമായ ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോൾ നേടി ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത്.
1986 മെയ് 31 മുതൽ ജൂൺ 29 വരെ മെക്സിക്കോയിൽ നടന്ന പതിമൂന്നാമത് ഫിഫ ഫുട്ബോൾ ലോകകപ്പിലാണ് മറഡോണ തന്റെ ടീമിനെ സെമിയിലെത്തിക്കാൻ കടും കൈ ചെയ്തത്. ഗോൾരഹിത സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 51ാം മിനുട്ടിലാണ് ഫുട്ബോൾ നിരീക്ഷകരെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച് അർജന്റീന ക്യാപ്ടനായിരുന്ന ഡീഗോ മറഡോണ കൈ കൊണ്ടു വല കുലുക്കിയത്. ജോർജ് വാൽദാനോ നൽകിയ പന്ത് ഇംഗ്ലണ്ടണ്ടിന്റെ വിഖ്യാത ഗോൾ കീപ്പർ പീറ്റർ ഷിൽട്ടന്റെ തലയ്ക്കു മുകളിലൂടെ ചാടി കൈ കൊണ്ടു തട്ടി ഗോളാക്കുകയായിരുന്നു ഡീഗോ. കളി നിയമത്തിനെതിരായ ഗോളായിരുന്നെങ്കിലും കായിക ലോകം ഇതിനെ ദൈവത്തിന്റെ കൈ എന്നു വിളിച്ചു. കൈകൊണ്ടു ഗോൾ നേടിയ സമയത്ത് ടീമംഗങ്ങൾ വന്നു എന്നെ അഭിനന്ദിക്കുമെന്നു കരുതി. എന്നാൽ അതുണ്ടായില്ല. തന്നെ വന്നു കെട്ടിപ്പിടിക്കാൻ അവരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ റഫറി ഗോൾ അനുവദിക്കില്ലെന്നും അവരോടു പറഞ്ഞതായി പിൽക്കാലത്ത് ഈ ഗോളിനെ കുറിച്ച് ഡീഗോ വെളിപ്പെടുത്തി.
കൈകൊണ്ടുള്ള ഗോളിനു പിന്നാലെ നൂറ്റാണ്ടിന്റെ ഗോളും മറഡോണ കുറിച്ചു. ആദ്യ ഗോൾ നേടി നാലു മിനുട്ടു മാത്രം കളി മുന്നോട്ടു പോയപ്പോഴാണ് എതിർ ടീമിനെയും കായിക ലോകത്തെയും അത്ഭുതപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും മറഡോണ നേടിയത്. മിഡ്ഫീൽഡർ ഹെക്ടർ എന്റിക്ക് നൽകിയ പാസ് സ്വീകരിച്ച് എതിർ പോസ്റ്റിന്റെ 60 യാർഡ് അകലെ നിന്നു പന്തുമായി കുതിച്ച മറഡോണ ഇംഗ്ലണ്ടണ്ടിന്റെ പീറ്റർ ബേഡ്സ്ലി, പീറ്റർ റെയ്ഡ്, ടെറി ഫെൻവിക്ക് എന്നിവരെയും ടെറി ബുച്ചറെ രണ്ടു തവണയും മറികടന്ന് പീറ്റർ ഷിൽട്ടനെ സ്തബ്ധനാക്കി ഇംഗ്ലീഷ് വല കുലുക്കി. പാസ് സ്വീകരിച്ച് മറഡോണ 10 സെക്കൻഡ് കൊണ്ടണ്ട് ലക്ഷ്യം കണ്ടു. മത്സരം 2- 1 നു ജയിച്ച അർജന്റീന സെമിയിൽ ബെൽജിയത്തെയും ഫൈനലിൽ പശ്ചിമ ജർമനിയെയും കീഴടക്കി ലോക കിരീടത്തിൽ മുത്തമിട്ടു.
അന്നു പരാജയപ്പെടുത്തിയത് ഫുട്ബോൾ ടീമിനെയായിരുന്നില്ല ഒരു രാജ്യത്തെ തന്നെയാണെന്നു പിൽക്കാലത്ത് മറഡോണ കുറിച്ചു. ഫുട്ബോൾ ഒരു യുദ്ധമല്ലെങ്കിലും അവിടെ മരിച്ചു വീണ അർജന്റീനയിലെ കുഞ്ഞുങ്ങളുടെ രക്തത്തിനു ഞങ്ങൾ പകരം ചോദിക്കുകയായിരുന്നുവെന്നും ഡീഗോ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.