ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി 7.30 മുതൽ ഗോവയിലെ ജി.എം.സി സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി വഴങ്ങിയതിന്റെ സങ്കടം മറന്ന് വിജയവഴിയിൽ എത്താം എന്ന പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ടുകെട്ടുന്നത്.
മറുവശത്ത് കരുത്തരായ മുംബയ് സിറ്റിഎഫ്.സിയെ ആദ്യ മത്സരത്തിൽ വീഴ്ത്താനായതിന്റെ ആത്മവിശ്വാസവുമായാണ് നോർത്ത് ഈസ്റ്റ്് ഇറങ്ങുന്നത്. അവസാനം കളിച്ച നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിട്ടില്ല എന്നതും നോർത്ത് ഈസ്റ്റിന് പ്ലസ് പോയിന്റാണ്.
കഴിഞ്ഞ സീസണുകളിലെ പ്രകടനങ്ങൾ വിലയിരുത്തിയാൽ മോശം ഡിഫൻഡിംഗ് റെക്കാഡുള്ള രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും. ഇരു ടീമിനും കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമേ ക്ലീൻ ഷീറ്റുകളുണ്ടായിരുന്നുള്ളൂ. ബ്ലാസ്റ്റേഴ്സിനെ ആ പഴയ പ്രശ്നം വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ മത്സരം സൂചിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ പിഴവ് മുതലെടുത്താണ് റോയ് കൃഷ്ണ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെയുടെ വിജയ ഗോൾ നേടിയത്.
ഐ.എസ്.എല്ലിലെ മികച്ച സ്ക്വാഡുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. അവർക്കെതിരെ കളിക്കുകയെന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. മത്സരം നിയന്ത്രിക്കുന്നതിലും നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സെറ്റ് പീസുകൾ മുതലാക്കുന്നതിലും അവർ വിദഗ്ദ്ധരാണ്. പലവഴിയിലൂടെ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കറിയാം. ഇത് വളരെ കടുപ്പമേറിയ മത്സരമായിരിക്കും. ബ്ലാസ്റ്റേഴ്സ് തോൽവി അർഹിക്കുന്നവരല്ല. അവർ വീണ്ടും നല്ല ഫുട്ബാൾ കളിക്കുമെന്നാണ് പ്രതീക്ഷ.
ജെറാർഡ് നസ്
നോർത്ത് ഈസ്റ്റ് കോച്ച്
നോർത്ത് ഈസ്റ്റ് യൂണൈറ്രഡ് വളരെ നല്ല ടീമാണ്. മുംബയ് സിറ്റി എഫ്.സിക്കെതിരെ അവർ കളിച്ച ഫുട്ബാൾ മനോഹരമായിരുന്നു. അവർ കരുത്തരാണ്. ഞങ്ങൾക്ക് അവർ വലിയ വെല്ലുവിളിയായിരിക്കുമെന്ന് ഉറപ്പാണ്. ആദ്യ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ തോൽവി കാര്യമാക്കേണ്ടതില്ല. പുതിയ നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഈ സീസണിൽ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ ടീമായി സെറ്റാകാൻ കുറച്ച് സമയം ആവശ്യമാണ്. വരും നാളുകളിൽ ടീമെന്ന നിലയിൽ കൂടുതൽ മെച്ചപ്പെടുകയും വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്.
കിബു വികുന
ബ്ലാസ്റ്റേഴ്സ് കോച്ച്