കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും.മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് വിധി പറയുക.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കൽ ബോർഡ് നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ഇതുകൂടി പരിഗണിച്ചായിരിക്കും കോടതി വിധി.ഇബ്രാഹിം കുഞ്ഞിന് ഗുരുതര കാൻസർ രോഗമാണെന്നും, ഇപ്പോൾ കഴിയുന്ന എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സ തുടരണമെന്നും വ്യക്തമാക്കി ഇന്നലെ ഡി.എം.ഒ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനാവുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.എം.ഒയ്ക്ക് കോടതി നിർദേശം നൽകിയിരുന്നു.
മൾട്ടിപ്പിൾ മൈലോമ ബാധിതനായ ഇബ്രാഹിംകുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ നൽകിവരുന്ന ചികിത്സ കൊച്ചിൻ കാൻസർ സെന്ററിൽ ലഭ്യമല്ലെന്ന് ഡി.എം.ഒ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ചോദ്യംചെയ്യാൻ അനുവദിക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.ഇത് കോടതി അനുവദിക്കുകയും ചെയ്തിരുന്നു.