വിടപറഞ്ഞ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മറഡോണയെ കുറിച്ചുള്ള വ്യക്തിപരമായ നിമിഷങ്ങളാണ് ബോബി ചെമ്മണ്ണൂർ പങ്കുവയ്ക്കുന്നത്. സമ്പാദ്യമായി ഒന്നുംതന്നെ അദ്ദേഹം ശേഖരിച്ചുവച്ചിട്ടില്ലെന്നും, നിരവധിപേർ മറഡോണയെ ലക്ഷങ്ങൾ കബളിപ്പിച്ചിട്ടുണ്ടെന്നും ബോബി വെളിപ്പെടുത്തുന്നു.
'മറഡോണയുമായിട്ട് വളരെ അടുപ്പമാണ്. അദ്ദേഹം എന്റെ ബ്രാൻഡ് അംബാസിഡറും ക്ളോസ് ഫ്രണ്ടുമാണ്. മാദ്ധ്യമങ്ങളിലൊക്കെ അസുഖം ഭേദമായി എന്നാണ് വാർത്ത വന്നതെങ്കിലും, അദ്ദേഹവുമായി അടുത്തു നിൽക്കുന്നവരെ ഞാൻ വിളിച്ചിരുന്നു. സംസാരത്തിൽ കുറേശ്ശേ അപ്നോർമാലിറ്റി ഉണ്ടെന്നാണ് അവർ അറിയിച്ചത്. അധികം ആരോടും പറയാത്ത വലിയൊരു സീക്രട്ട് മറഡോണ ഒരിക്കൽ എന്നോട് ഷെയർ ചെയ്തിട്ടുണ്ട്. അൺടോൾഡ് സ്റ്റോറി എന്നുതന്നെ പറയാം.
ഭക്ഷണം കഴിച്ച് രണ്ടെണ്ണം അടിച്ചിരിക്കുന്ന സമയത്ത് കാര്യങ്ങൾ പറഞ്ഞുവരവെ പുള്ളി പെട്ടെന്നങ്ങ് പൊട്ടിക്കരഞ്ഞു. അതിനു കാരണം എന്താണെന്നു പറഞ്ഞാൽ, ഡ്രഗ്സ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 94 വേൾഡ് കപ്പിൽ പുള്ളിക്ക് തുടർന്ന് കളിക്കാൻ പറ്റീല്ലല്ലോ? സത്യത്തിൽ അത് മറഡോണ അറിഞ്ഞ കാര്യമായിരുന്നില്ല. അദ്ദേഹത്തെ ഫുഡ്ബോൾ ലോബി ചതിച്ചതാണ്. തള്ളവിരൽ പഴുത്ത് കെട്ടിവിച്ചിരിക്കുകയായിരുന്നു. അതിനു മരുന്ന് കൊടുത്തപ്പോൾ, ഒരു വ്യക്തി ബാൻഡ് ആയിട്ടുള്ള മയക്കുമരുന്ന് ചേർത്ത് കൊടുക്കുകയായിരുന്നു. ഇന്നും ഇടയ്ക്കിടെ കള്ളുകുടിച്ചിരിക്കുമ്പോൾ എന്നോട് പറയും, 'ബോബി എന്നെ അവർ ചീറ്റ് ചെയ്തതാണ്. ഐം സ്ട്രെയിറ്റ് ഫോർവേർഡ്'.
ചെറിയകുട്ടികളുടെത് പോലുള്ള സംസാരവും രീതിയുമായിരുന്നു മറഡോണയുടെത്. ലോകത്ത് നുണപറയാത്ത വ്യക്തിയായി ഞാൻ കണ്ടിട്ടുള്ളത് മറഡോണയെ മാത്രമാണ്. സ്വത്തുക്കൾ ഒന്നും പുള്ളി ഉണ്ടാക്കിയിട്ടില്ല. കിട്ടുന്നതൊക്കെ ചിലവാക്കും. കൂടെയുള്ളവർക്ക് കുറേ കൊടുക്കും. ചിലതൊക്കെ അടുപ്പക്കാരായി നടിക്കുന്നവർ കട്ടുകൊണ്ടുംപോകും. പ്രതിഫലം മറഡോണ വാങ്ങുന്നത് ചെക്കായിട്ടൊന്നുമല്ല, കാശ് ആയിട്ടാണ്. വാങ്ങിച്ചിട്ട് അതൊരു അലമാരയിൽ കൊണ്ട് പൂട്ടിവയ്ക്കും, എവിടെയാണോ അവിടെ. അത് ഏതുരാജ്യത്തെ ഏതുഹോട്ടലിലുമാകാം. ഒരുപാട് ലക്ഷങ്ങൾ കട്ടുകൊണ്ട് പോയിട്ടുണ്ട്. സമ്പാദിക്കണമെന്ന ചിന്തയേ മറഡോണയ്ക്ക് ഉണ്ടായിരുന്നില്ല'.