നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ ബിരിയാണി വിളമ്പി പിറന്നാൾ ആഘോഷിച്ചു. തന്റെ അരങ്ങേറ്റ ചിത്രമായ നോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ഉത്തര പിറന്നാൾ ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്റെ പിറന്നാൾ ആഘോഷമാക്കിയത്. കേക്ക് മുറിച്ച് എല്ലാവർക്കും മധുരം പങ്കിട്ട ഉത്തര കേരളത്തിൽ വച്ച് ആദ്യമായിട്ടാണ് പിറന്നാൾ ആഘോഷിക്കുന്നത്. ആദ്യസിനിമയുടെ ലൊക്കേഷനിൽ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞത് ഇരട്ടിമധുരമായെന്ന് ഉത്തര പറഞ്ഞു. ആശാ ശരത്തും ഉത്തരയും അമ്മയും മകളുമായി ഒന്നിച്ച് അഭിനയിക്കുന്ന ഖെദ്ദയുടെ പ്രധാന ലൊക്കേഷൻ ആലപ്പുഴ എഴുപുന്നയിലാണ്. അവിടെ വച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ. കേരളത്തിൽ വച്ച് ഉത്തരയുടെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതും; അത് അവളുടെ ആദ്യ സിനിമയുടെ ലൊക്കേഷനിൽ ആഘോഷിക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പ്രതാപ് പി. നായർ ക്യാമറയും അശോകൻ ആലപ്പുഴ ചിത്രത്തിൽ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. പി.ആർ.ഒ: പി.ആർ.സുമേരൻ.