SignIn
Kerala Kaumudi Online
Monday, 18 January 2021 10.54 AM IST

ലഡാക്കിൽ കൈ പൊള്ളി, ഏഷ്യൻ ശക്തികൾ വളഞ്ഞിട്ട് ആക്രമിക്കുമെന്ന ഭയം കലശലായി, ഏഴ് വർഷത്തിനകം സൈന്യത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്ത്  ചൈനീസ് പ്രസിഡന്റ്

chinese-military-

ബീജിംഗ് : അയൽ രാജ്യങ്ങളുമായെല്ലാം അതിർത്തി തർക്കമുള്ള ചൈനയ്ക്ക് ഭീഷണിയായി ശത്രു രാജ്യങ്ങളുടെ കൂടിച്ചേരൽ. ശത്രുരാജ്യങ്ങളെ എല്ലായ്‌പ്പോഴും പ്രതിരോധത്തിൽ നിർത്തി ഭീഷണിപ്പെടുത്തുക എന്ന നയമാണ് ചരീത്രാതീത കാലം മുതൽക്കേ ചൈന സ്വീകരിച്ചിരുന്നത്. നൂറടി കൈയ്യേറി അമ്പത് അടി പിന്മാറുന്ന ചൈനയുടെ നയത്തിന് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത് ലഡാക്കിൽ ഇന്ത്യൻ മണ്ണിൽ കാല് വയ്ക്കാൻ ശ്രമിച്ചതോടെയാണ്. മാസങ്ങളോളം ചൈനയെ നേരിടാൻ ഉറച്ച് ഇന്ത്യ സൈനികരെ അണിനിരത്തിയത് ചൈനയ്ക്ക് ക്ഷീണമായി. മറ്റു രാജ്യങ്ങളും ചൈനയെ നേരിടാനുള്ള ഇന്ത്യൻ കരുത്തിൽ വിശ്വാസം പ്രകടിപ്പിച്ചതോടെ ചൈന മേഖലയിൽ കൂടുതലായി ഒറ്റപ്പെടുകയായിരുന്നു.

ലഡാക്കിലെ ചെറുത്ത് നിൽപ്പിന് പിന്നാലെ ഇന്ത്യ ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ കൂടുതൽ ശക്തപ്പെടുത്തി. അമേരിക്കയും, ജപ്പാനും, ഓസ്‌ട്രേലിയയും, ഇന്ത്യയും ഉൾപ്പെടുന്ന കൂട്ടായ്മയെ ഒന്നിപ്പിക്കുന്ന ഘടകം തന്നെ ചൈനയെ പ്രതിരോധിക്കുക എന്ന നയമാണ്. തെക്കൻ,കിഴക്കൻ ചൈന കടലിലെ കൈയ്യേറ്റങ്ങളും, ലഡാക്കിലെ അതിക്രമങ്ങളും ഇതിന് ശക്തിയേറ്റുന്നു. എല്ലാ കൊല്ലവും സംഘടിപ്പിക്കുന്ന മലബാർ നാവിക അഭ്യാസങ്ങളിൽ ഇക്കുറി ഓസ്‌ട്രേലിയ പങ്കെടുത്തതും ക്വാഡിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു.

ഏഷ്യയിലെ വമ്പൻ ശക്തികൾ ഒന്നിക്കുമ്പോൾ ആസിയാൻ രാജ്യങ്ങളും ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളെ ശക്തമായി നേരിടാനൊരുങ്ങുകയാണ്. ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾ ഒരു വശത്ത് തളിർക്കുമ്പോഴും ചൈന തങ്ങളെ മൊത്തമായി വിഴുങ്ങുമോ എന്ന ഭയമാണ് ഈ ചെറു രാജ്യങ്ങൾക്ക്. അടുത്തിടെ ഫിലിപ്പൈൻസ് ഇന്ത്യയുടെ മാരക ശേഷിയുള്ള ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാനുള്ള ചർച്ചകൾക്ക് വേഗം കൂട്ടിയിരിക്കുകയാണ്. വിയറ്റ്നാമും ഇതേ ആവശ്യവുമായി ഇന്ത്യയ്ക്ക് പിന്നാലെയുണ്ട്. കടക്കെണിയെന്ന സ്‌നേഹിച്ച് കൊല്ലുന്ന പദ്ധതികളുമായി ഏഷ്യയിലെ ചെറു രാജ്യങ്ങളെ സ്വന്തമാക്കുന്ന ചൈനീസ് പദ്ധതിയും ഇപ്പോൾ വെളിച്ചത്തു വന്നു. ഇതെല്ലാം ചൈന വിരുദ്ധ സന്ദേശം ഏഷ്യയിൽ വ്യാപിക്കുവാൻ കാരണമായിരിക്കുകയാണ്.

പുറം രാജ്യങ്ങളിൽ നിന്നും ഒറ്റപ്പെടുന്നതും, തങ്ങൾക്കെതിരെ ശക്തരായ രാജ്യങ്ങൾ ഒന്നിക്കുന്നതിലും ചൈന ഭയപ്പെടുന്നു. ഇത്തരം ഭീഷണികളെ ചെറുക്കുവാനായി ചൈന കണ്ടെത്തിയ മാർഗം തങ്ങളുടെ സൈന്യത്തെ എത്രയും വേഗം ആധുനിക വത്കരിക്കുക എന്നതാണ്. 2027 ഓടെ ചൈനീസ് സൈന്യത്തെ ലോകത്തെ നമ്പർ വൺ ശക്തിയാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് ചൈനീസ് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മേധാവിയുമായ സി ജിൻപിംഗ് രൂപം കൊടുത്തിരിക്കുകയാണ്. അത്യാധുനിക സാങ്കേതിക വിദ്യകളും മെച്ചപ്പെട്ട പരിശീലന സാഹചര്യങ്ങളും സൈനികർക്ക് നൽകുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സി ജിൻപിംഗ് ചെയർമാനായ കേന്ദ്ര മിലിട്ടറി കമ്മീഷന്റെ (സിഎംസി) യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുപത്തിയഞ്ച് ലക്ഷത്തോളം അംഗബലമുള്ള ചൈനീസ് ലിബറേഷൻ ആർമിയുടെ കമാന്റിംഗ് പവർ കേന്ദ്ര മിലിട്ടറി കമ്മീഷനിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ലോകോത്തര സേനയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചൈനീസ് വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ സൈന്യത്തോട് കിടപിടിക്കുന്ന സേനയെ വാർത്തെടുക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്കായി സൈനിക ബഡ്ജറ്റ് കുത്തനെ ഉയർത്തുവാനും തീരുമാനമായിട്ടുണ്ട്. ഈ വർഷം ഉദ്ദേശം 179 ബില്യൺ യുഎസ് ഡോളറാണ് പ്രതിരോധ മേഖലയ്ക്കായി ചൈന മാറ്റിവച്ചിരിക്കുന്നത്. 732 ബില്യൺ ഡോളറെന്ന അമേരിക്കൻ പ്രതിരോധ ബഡ്ജറ്റിന്റെ അടുത്ത് പോലും ഇത് വരില്ലെങ്കിലും ലോകത്തെ രണ്ടാമത്തെ വലിയ തുക സ്വന്തം സൈന്യത്തെ പരിപാലിക്കുവാനായി ചെലവഴിക്കുന്ന രാജ്യം ചൈനയാണെന്ന് ഓർക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, CHINA, INDIA, QUAD, INDIAN ARMY, INDIA CHINA, MILITARY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.