കണ്ണൂർ: എ.പി. അബ്ദുള്ളക്കുട്ടിയെ പാർട്ടിയിലേക്ക് കൊണ്ടുവരികയും ബി.ജെ.പിയുടെ ദേശീയ നേതാക്കളുടെ പദവിലേക്ക് ഉയർത്തുകയും ചെയ്ത തന്ത്രം ലക്ഷ്യത്തിലേക്കെന്ന് വിലയിരുത്തൽ. സംസ്ഥാനത്ത് ഇതുവരെ കാണാത്ത വിധമാണ് ബി.ജെ.പിയിലേക്ക് ഇസ്ലാം മതത്തിൽ പെട്ട ആളുകൾ കടന്നുവരുന്നത്. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇതിന് മുമ്പ് ഇല്ലാത്ത വിധമാണ് മുസ്ലീം മത വിഭാഗത്തിലെ സ്ഥാനാർത്ഥികൾ രംഗത്തുവന്നത്.
ഇതിന് പിന്നിൽ എ.പി അബ്ദുള്ളക്കുട്ടിയുടെ കടന്നുവരവാണെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ അറുപതോളം മുസ്ലിം സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയത്. ഇതിൽ 16 പേർ സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കോഴിക്കോട് ജില്ലയിൽ മാത്രം ആറുപേരാണ് എൻ.ഡി.എക്ക് വേണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഇതിൽ കോഴിക്കോട് കോർപ്പറേഷനിൽ കുറ്റിച്ചിറയിൽ ആദ്യമായാണ് ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തിയത്. അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി. ഷറഫുദ്ദീനും കണ്ണൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.
മലപ്പുറത്ത് രണ്ട് മുസ്ലീം വനിതകൾ ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്തുണ്ട്. മത ന്യൂനപക്ഷ വോട്ടുകൾ പരമാവധി പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. വിവാദങ്ങളിൽ പെട്ടുഴലുന്ന എൽ.ഡി.എഫിനും യുഡി.എഫിനും ഇക്കുറി കടുത്ത മത്സരമാണ് ബി.ജെ.പിയിൽ നിന്നുണ്ടാവുക. മുസ്ലിം ജനത ബി.ജെ.പിയിലേക്ക് അടുക്കുന്നത് തടയാൻ പതിനെട്ടടവും പയറ്റുകയാണ് ഇടത്, വലത് മുന്നണികൾ. ഇരുമുന്നണികളിലും ആരോപണങ്ങൾ പെട്ട് നേതാക്കൾ ഉഴലുന്നത് ബി.ജെ.പി ഗുണം ചെയ്യുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.