ന്യൂഡൽഹി : അസർബൈജാനിൽ നിന്ന് അർമേനിയ കൈവശപ്പെടുത്തിയെന്ന് ആരോപണമുള്ള നഗോർണോകരാബാഗിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം അടുത്തിടെ യുദ്ധത്തിലേക്ക് കടന്നിരുന്നു. ഏതാനും ദിവസങ്ങൾ മാത്രം നീണ്ടു നിന്ന യുദ്ധത്തിൽ അസർബൈജാൻ മേൽക്കൈ നേടിയിരുന്നു. എന്നാൽ ലോക ശക്തികൾ ഇടപെട്ട് തർക്കം സമാധാനത്തിലൂടെ പരിഹരിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. സെപ്തംബർ മുതൽക്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയത്. ഒന്നരമാസം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ശേഷം അർമേനിയയും അസർബൈജാനും റഷ്യയുടെ നേതൃത്വത്തിൽ നടന്ന സന്ധിയുടെ ഭാഗമായിട്ടാണ് സമാധാനത്തിലേക്ക് മടങ്ങിയത്. ഉടമ്പടി പ്രകാരം മേഖലയിൽ രണ്ടായിരത്തോളം റഷ്യൻ സമാധാന സേനാംഗങ്ങളെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്.
അർമേനിയ തോറ്റതിന് കാരണം ഇന്ത്യ ?
അസർബൈജാനും അർമേനിയയുമായുള്ള യുദ്ധത്തിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ പഴി കേൾക്കുന്നത് ഇന്ത്യയ്ക്കാണ്. ഇന്ത്യ അർമേനിയയ്ക്ക് നൽകിയ ആയുധങ്ങളിലെ പോരായ്മയാണത്രെ യുദ്ധത്തിൽ തിരിച്ചടി ലഭിക്കാൻ കാരണം. പരാതി പരിശോധിച്ചപ്പോൾ മനസിലായ കാര്യം ഈ പരാതി അർമേനിയയുടേതല്ല. അതേസമയം നിലവിൽ ഇന്ത്യയുടെ ഒരു യുദ്ധ ഉപകരണവും അർമേനിയ ഈ യുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ് വസ്തുത. അപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇല്ലാകഥകൾ പടച്ചുവിടുന്നതാരെന്ന അന്വേഷണം എത്തി ചേർന്നിട്ടുള്ളത് പാകിസ്ഥാനിലും ചൈനയിലുമുള്ള ഇന്ത്യ വിരുദ്ധരിലാണ്.
അർമേനിയയ്ക്ക് ഇന്ത്യ വിതരണം ചെയ്യുന്ന സ്വാതി റഡാറുകളുടെ പോരായ്മയാണ് അർമേനിയയെ യുദ്ധത്തിൽ പരാജയപ്പെടാൻ കാരണമെന്ന് ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നു. അസർബൈജാന്റെ ഡ്രോണുകളാണ് യുദ്ധത്തിൽ ശക്തി പ്രകടിപ്പിച്ചതെന്ന് റിപ്പോർട്ടു കളുണ്ടായിരുന്നു. ഇവയെ കണ്ടെത്തി പ്രതിരോധിക്കുന്നതിൽ സ്വാതി പരാജയപ്പെട്ടുവത്രേ. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് മുതലായവയിലുടനീളമുള്ള ഈ തെറ്റായ പ്രചരണം കുറച്ച് ദിവസമായി ഉണ്ട്. റഡാറുകൾ വാങ്ങാൻ നൽകിയ 40 മില്യൺ ഡോളർ തിരികെ നൽകണമെന്ന് അർമേനിയ ഇന്ത്യയോട് ആവശ്യപ്പെട്ടു എന്നുവരെ വച്ചു കാച്ചുന്നു സോഷ്യൽ മീഡിയയിലെ വ്യാജൻമാർ. എന്നാൽ അർമേനിയൻ ആയുധശേഖരങ്ങളുടെ പട്ടികയിൽ, ഇന്ത്യൻ സൈനിക ഉപകരണങ്ങൾ ഉപയോഗിച്ചതായി ഒരു പരാമർശവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രമുഖ ആന്താരാഷ്ട്ര മാദ്ധ്യമം ചൂണ്ടിക്കാട്ടുന്നു.
അർമേനിയയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും യുദ്ധത്തിൽ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സൈനിക സ്വത്തുക്കൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു, ഇതിലൊന്നും സ്വാതി റഡാറുകളുടെ വിവരങ്ങളില്ല. 185 ഓളം ടി 72 ടാങ്കുകൾ, 90 കവചിത യുദ്ധ വാഹനങ്ങൾ, 182 പീരങ്കികൾ, 73 മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകൾ, 26 ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് അയക്കാവുന്ന മിസൈൽ സംവിധാനങ്ങൾ, അഞ്ച് എസ് 300, 14 , എസ്യു 25 യുദ്ധവിമാനം, നാല് ഡ്രോണുകൾ, 451 സൈനിക വാഹനങ്ങൾ എന്നിവ തകരാറിലായതായി റിപ്പോർട്ടുകളുണ്ട്
എന്തിന് സ്വാതി ലക്ഷ്യം വയ്ക്കുന്നു ?
സ്വാതിയെ കുറ്റപ്പെടുത്താനുള്ള അവസരമായി അസർബൈജാൻ അർമേനിയ പോരാട്ടത്തെ പാകിസ്ഥാനും ചൈനയും ഉപയോഗിക്കുന്നതിൽ കാരണമുണ്ട്. ഈ വർഷം സ്വാതി വാങ്ങുന്നതിനായി അർമേനിയ ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഇനിയും രാജ്യം ഈ പ്രതിരോധ ഉപകരണത്തെ കയറ്റുമതി ചെയ്തിരുന്നില്ല. അർമേനിയയിലേക്ക് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാല് സൈനിക റഡാറുകൾ വിതരണം ചെയ്യുന്നതിനായിട്ടാണ് 40 മില്യൺ ഡോളറിന്റെ കരാർ.
ഇന്ത്യയുമായുള്ള റഡാർ കരാർ അർമേനിയ ഒപ്പുവെച്ചിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ. ഒരു യൂണിറ്റ് ഇന്ത്യ കയറ്റി അയച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ പരിശീലനം നേടുവാൻ അർമേനിയൻ സൈനികർക്ക് കഴിഞ്ഞിരുന്നില്ല. അർമേനിയൻ സായുധ സേനയ്ക്ക് ആവശ്യമായ പരിശീലനം ലഭിക്കാൻ ഇനിയും സമയമെടുക്കും.
സ്വാതിയെ അറിയാം
രാജ്യത്തെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ വികസനം ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ ആയുധ ഇറക്കുമതിക്കുള്ള നീക്കം അടുത്തിടെ കേന്ദ്രസർക്കാർ ഉപേക്ഷിച്ചിരുന്നു. രണ്ടാം മോദി സർക്കാരിന്റെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമാകുവാൻ കൂടി ഉദ്ദേശിച്ചാണ് ഈ നീക്കം. നൂറ്റിയൊന്ന് തദ്ദേശീയമായി നിർമ്മിക്കുന്ന ആയുധങ്ങളുടെ വിവരങ്ങളും പ്രതിരോധമന്ത്രാലയം പുറത്ത് വിട്ടിരുന്നു. ഇത്തരത്തിൽ ഇന്ത്യ വികസിപ്പിക്കുന്ന ആയുധങ്ങൾ മറ്റുരാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാൻ കൂടി ഉദ്ദേശിച്ചിട്ടുള്ള ബഹുമുഖ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്. ഇത്തരത്തിൽ അതിർത്തിയിൽ ശത്രുക്കളുടെ നീക്കം എളുപ്പം മനസിലാക്കാൻ സൈന്യത്തിന് സഹായമായ ലൊക്കേഷൻ റഡാറുകൾ വാങ്ങുവാൻ സൈന്യം നീക്കം ആരംഭിച്ചു. ഇന്ത്യ ദ്ദേശീയമായി നിർമ്മിച്ച സ്വാതി എന്നറിയപ്പെടുന്ന ലൊക്കേഷൻ റഡാർ ആറെണ്ണം കൂടി വാങ്ങുവാനാണ് സൈന്യം തീരുമാനിച്ചിട്ടുള്ളത്. പ്രതിരോധ മന്ത്രാലയം ഏറ്റെടുത്ത 400 കോടിയുടെ പദ്ധതികളിൽ ഇതും ഉൾപ്പെടുന്നുണ്ട്.
പേരു കേട്ടാൽ അച്ചടക്കമുള്ള പഞ്ചപാവമായ പെൺകുട്ടിയെന്ന് തോന്നുമെങ്കിലും ശത്രുക്കൾക്ക് അത്തരം ഒരു അനുഭവമായിരിക്കില്ല സ്വാതി നൽകുന്നത്. സുഹൃത്തുക്കളെയും ശത്രുക്കളെയും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശക്തമായ ആയുധമാണിത്. ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എൽആർഡിഇ) വികസിപ്പിച്ച ഈ ലൊക്കേഷഷൻ റഡാർ 2017ലാണ് സൈന്യത്തിന് ആദ്യമായി കൈമാറിയത്. അതിർത്തിയിൽ ഉൾപ്പടെ മഹനീയമായ സേവനമാണ് സ്വാതിയുടേത്. ശത്രുവിന്റെ പീരങ്കികൾ, മോർട്ടറുകൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ സ്വയം കണ്ടെത്തുകയും അവിടേയ്ക്ക് ആക്രമണം നടത്തുന്നതിനായുളള വിവരങ്ങൾ കൈമാറുന്നതിനും സ്വാതിക്കാവും. ശത്രുവിന്റെ ഫയർ പോയിന്റിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നത് സൈന്യത്തിന്റെ തിരിച്ചടി എളുപ്പമാക്കുന്നു. ഒരേ സമയം ഒന്നിലധികം പോയിന്റുകളിൽ നിന്നും വിവരശേഖരണം നടത്താനും സ്വാതിക്കാവുന്നു.
സൈന്യം ആവശ്യപ്പെട്ടു ഡി ആർ ഡി ഒ നിർമ്മിച്ചു
സ്വാതിയുടെ പിറവിയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. ജമ്മു കാശ്മീരിലടക്കം അതിർത്തിയിൽ പാക് സൈനികരുടെ നിരന്തര പ്രകോപനം സൈന്യത്തിന് തലവേദനയാകാറുണ്ട്. പലപ്പോഴും മോട്ടോർ ഷെല്ലുകളുപയോഗിച്ചാണ് ശത്രു പ്രകോപനം സൃഷ്ടിക്കുക. കൃത്യമായി ശത്രുവിന്റെ ലൊക്കേഷൻ മനസിലാക്കി പ്രതിരോധിക്കുവാൻ മൊബൈൽ റഡാറുകൾ ആവശ്യമാണെന്ന് 1980കളിൽ തന്നെ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇത്തരം റഡാറുകൾ കൈവശമുണ്ടായിരുന്ന അമേരിക്കയുൾപ്പടെയുള്ള വൻശക്തികളുമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
ചർച്ചകൾ ഫലം കാണുന്ന ഘട്ടമെത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം അണുശക്തി പരീക്ഷണം നടക്കുകയും അമേരിക്കയുൾപ്പടെയുളള രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. കാർഗിൽ യുദ്ധസമയത്താണ് സ്വാതിയെ പോലെ ഒരു റഡാർ അത്യാവശ്യമാണെന്ന തിരിച്ചറിവ് ശക്തമായത്. ഇതേ തുടർന്ന് ദ്ദേശീയമായി വികസിപ്പിക്കുവാനുള്ള തീരുമാനം രാജ്യം കൈക്കൊണ്ടത്. ഡി ആർ ഡി ഒ ബെല്ലിന്റെ ഭാഗമായ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എൽആർഡിഇ)യുമായി ചേർന്ന് സംയുക്തമായാണ് ഗവേഷണങ്ങൾ നടത്തിയത്.