കർണൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരെ കർഷകസംഘടനകൾ നടത്തിയ ഡൽഹി ചലോ മാർച്ചിൽ സംഘർഷം തുടരുന്നു. ഹരിയാനയിലെ അംബാലയിൽ മാർച്ച് തടയാൻ പൊലീസ് ഒരുക്കിയ ബാരിക്കേഡുകൾ തകർത്തെറിഞ്ഞ് കർഷകർ മുന്നോട്ട് പോയി. ട്രക്ക് ഉപയോഗിച്ച് ബാരിക്കേഡുകൾ മറികടന്നാണ് സമരക്കാർ മുന്നോട്ട് പോയത്. ഇവരെ തടയാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും ഇത് വിഫലമാവുകയായിരുന്നു.
സമരക്കാരെ ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.അംബാലയിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഘറുണ്ടയിൽ വച്ച് സമരക്കാരെ തടയാൻ വേണ്ട നടപടി സ്വീകരിച്ചതായി കർണൽ എസ്.പി ഗംഗാ റാം പുനിയ പറഞ്ഞു.
ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് ജല പീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ഇതിൽ രോക്ഷാകുലരായ കർഷകർ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഡൽഹിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. നൂറിലേറെ ട്രക്കുകളിലായാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.