കാൽ പന്തുകൊണ്ട് വലിയ ലോകം കീഴടക്കിയ ആ കുറിയ വലിയ മനുഷ്യൻ ഇനിയില്ല. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ അദ്ദേഹത്തെ സ്നേഹത്തോടെ തങ്ങളുടെ ദൈവമെന്ന് വാഴ്തി. അപ്രതീക്ഷിത വേർപാടിന്റെ ദുഖത്തിൽ മറഡോണയുടെ ഓർമ്മകളിലാണ് ഫുട്ബോൾ പ്രേമികൾ. നീല ജേഴ്സി അങ്ങ് താഴത്തട്ടിലുള്ളവർ പോലും നെഞ്ചോട് ചേർത്തത് ഈ മനുഷ്യനെ കണ്ടിട്ടാണ്. ആ ദൈവത്തിന്റെ ജീവിതം പുനഃ സൃഷ്ടിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ജീവിതം വെള്ളിവെളിച്ചത്തിൽ കാണാൻ സാധിച്ച ഭാഗ്യം മറഡോണയ്ക്കുണ്ടായി. അദ്ദേഹത്തിന്റെ നേട്ടങ്ങളും വീഴ്ചകളും വിവാദങ്ങളും സത്യസന്ധമായി വെള്ളിത്തിരയിലെത്തി. 'താനത്ര വിശുദ്ധനല്ലെന്ന് 'ഡീഗോ മറഡോണ എന്ന ഡോക്യൂമെന്ററിയിൽ അദ്ദേഹം തുറന്നു പറയുന്നുണ്ട്.
ആഷിഫ് കപാഡിയയുടെ
ഡീഗോ മറഡോണ (2019 )
ഫുട്ബോൾ ലോകം ദൈവമെന്ന് വാഴ്ത്തിയ ഡീഗോ മറഡോണയുടെ ജീവിതത്തിലെ ഡാർക്ക് ഷെയ്ഡുകൾ തുറന്നു കാണിച്ചത് ആഷിഫ് കപാഡിയയുടെ ഡോക്യൂമെന്ററിയിലൂടെയാണ്. പരിക്കുകളാലും വിവാദങ്ങളാലും തകർക്കപ്പെട്ട് ബാഴ്സലോണയിൽ നിന്ന് രണ്ടു വർഷത്തിന് ശേഷം ഇറ്റാലിയൻ ക്ലബായ നാപോളിയിലേക്കുള്ള മറഡോണയുടെ മാറ്റമാണ് ആഷിഫ് കപാഡിയയുടെ ഡോക്യൂമെന്ററിയിൽ പറയുന്നത്. ഭൂതകാലത്തെ തിരക്കി പോകുമ്പോൾ അദ്ദേഹത്തിന്റെ സ്വഭാവ രൂപീകരണവുമെല്ലാം ഡോക്യൂമെന്ററിയിൽ പ്രതിഫലിക്കുന്നു. ഡീഗോ മറഡോണ, അദ്ദേഹത്തിന്റെ കുടുംബം,പരീശിലകർ,സ്പോർട്സ് ലേഖകർ , മറഡോണയുടെ പഴയകാല ദൃശ്യങ്ങൾ ഇവയെല്ലാം സംയോജിപ്പിച്ചായിരുന്നു ആഷിഫിന്റെ ഡോക്യൂമെന്ററി. 2019 കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഡീഗോ മറഡോണ എന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചിരുന്നു. 2019 ഐ എഫ് എഫ് കെ യിലൂടെ കേരളത്തിലും ചിത്രം മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
മറഡോണ പൊളി (2017)
അലീഷ്യ മറിയ ഫെഡറിക് (Alessio Maria Federici) സംവിധാനം ചെയ്ത് മറഡോണപൊളിയിൽ മറഡോണയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവിതകാലമാണ് കാണിക്കുന്നത്. മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറിയതു വരെയുള്ള ജീവിതമാണ് മറഡോണപൊളിയിൽ പറയുന്നത്.
ലവിംഗ് മറഡോണ (2005 )
മറഡോണ എന്ന ഇതിഹാസ താരത്തിന്റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ജാവിയർ വാസ്ക്യൂസ് തയ്യാറാക്കിയ ലവിംഗ് മറഡോണ എന്ന ഡോക്യൂമെന്ററിയിൽ പറയുന്നത്.
മറഡോണ ബൈ കുസ്റ്റുറിക്ക (2008 )
വിഖ്യാത സംവിധായകൻ എമിർ കുസ്റ്റുറിക്ക ( Emir Kusturica) സംവിധാനം ചെയ്ത മറഡോണ ബൈ കുസ്റ്റുറിക്ക എന്ന ഡോക്യൂമെന്ററിയിൽ ഫുട്ബോളറെ ചുറ്റിപ്പറ്റിയുള്ള കഥകൾ കൂടാതെ കളിക്കാരന്റെ രാഷ്ട്രീയ വശംകൂടി തുറന്നു കാണിക്കുന്നുണ്ട്.
മറഡോണ ഇൻ മെക്സിക്കോ (2019)
ഏഴു എപ്പിഡോസുകളായി സ്പാനിഷ് ഭാഷയിൽ ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിത കഥ നെറ്റ്ഫ്ളിക്സിലൂടെ ലോകം കണ്ടു മറഡോണ ഇൻ മെക്സിക്കോയുടെ സംവിധാനം നിർവഹിച്ചത് അൻഗുസ് മക്യൂൻ (Angus Macqueen) ആയിരുന്നു.