കണ്ണൂർ: ഒരിടത്ത് എം.പിയുടെ മരുമകൻ റിബൽ സ്ഥാനാർത്ഥി. മറ്റൊരിടത്ത് എം.എൽ.എയുടെ അനിയൻ. ജില്ലയിൽ യു.ഡി.എഫാണ് തള്ളാനും കൊള്ളാനും കഴിയാതെ റിബൽ ശല്യത്തിൽ വീർപ്പുമുട്ടുന്നത്.
കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിനെതിരെ ആലിങ്കൽ ഡിവിഷനിൽ കെ. സുധാകരൻ എം.പിയുടെ മരുമകൻ കെ. നിശാന്താണ് യു.ഡി.എഫ് റിബലായി മത്സരിക്കുന്നത്. കെ. സുധാകരന്റെ വീട് അടങ്ങുന്ന പ്രദേശമാണ് ആലിങ്കൽ. ഇരിക്കൂർ ബ്ലോക്കിലെ വട്ട്യാംതോട് ഡിവിഷനിൽ പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന്റെ സഹോദരൻ ഷാന്റി ജോസഫാണ് റിബൽ. ഇവിടെ എ ഗ്രൂപ്പ് നേതാവും കെ.പി.സി.സി അംഗവുമായ ചാക്കോ പാലക്കലോടാണ് മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി. മുൻ മണ്ഡലം പ്രസിഡന്റും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരനും കൂടിയാണ് ഷാന്റി.
എന്നാൽ പത്രിക പിൻവലിക്കാൻ വൈകിപ്പോയെന്ന് പറയുന്ന നിശാന്ത് താൻ പി.കെ.രാഗേഷിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ചെറുപുഴ പഞ്ചായത്തിലെ ഒന്നാംവാർഡിൽ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്താണ് റിബൽ സ്ഥാനാർത്ഥിയായി കോൺഗ്രസിനെ ഞെട്ടിച്ചത്. മറ്റൊരു വാർഡിൽ ബേബി കളത്തിലും റിബലാണ്.
കരിക്കോട്ടക്കരിയിലെ എടപ്പുഴയിൽ മുൻ പഞ്ചായത്തംഗവും വനിതാകോൺഗ്രസ് പ്രവർത്തകയുമായ മേരി വാഴംപ്ലാക്കൽ റിബലായി രംഗത്തുണ്ട് .പത്താം വാർഡിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ ബീന റോജസിനെതിരെ വിമതനായി മത്സരിക്കുന്നത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് നിജിൽ ആലപ്പാട്ടാണ്. ഒമ്പതാം വാർഡ് കൂമൻതോടിൽ കോൺഗ്രസിലെ അഡ്വ. മനോജ് എം കണ്ടത്തിലിനെതിരെ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസഫ് വട്ടുകുളം റിബലാണ്. അയ്യൻകുന്ന് പഞ്ചായത്ത് നാലാം വാർഡ് വാണിയപ്പാറയിൽ കോൺഗ്രസിലെ ലിസമ്മ സജി മണപ്പാത്തുപറമ്പിലിനെതിരെ വിമതയായി രംഗത്തു വന്നിരിക്കുന്നത് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ സീമ സനോജാണ്. പതിനൊന്നാം വാർഡായ വലിയപറമ്പിൻ കരിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സി ചാക്കോക്കെതിരെ വിമതനായി മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി.കെ തോമസാണ് മത്സരിക്കുന്നത്.
ഡി.സി.സി സെക്രട്ടറിമാർ നേർക്കുനേർ
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നുച്ചിയാട് ഡിവിഷനിൽ ഡി.സി.സി സെക്രട്ടറിയും ഉളിക്കൽ സഹകരണ ബാങ്ക് പ്രസിഡന്റുമായ ബേബി തോലാനിയെ ഡി.സി.സി സെക്രട്ടറിയും മുൻ ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോജി വർഗീസ് നേരിടുന്നു.
ഉളിക്കലിൽ ആറിടത്ത്
ഉളിക്കൽ പഞ്ചായത്തിൽ ആറ് വാർഡുകളിലാണ് യു.ഡി.എഫിന് റിബൽഭീഷണി. മണിക്കടവ് നോർത്തിൽ മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സിസിലി ബേബി പുഷ്പക്കുന്നേലിനെതിരെ ജാൻസി മാത്യു, കാലാങ്കിയിൽ സ്മിത ജോസ്, ഉളിക്കൽ ഈസ്റ്റിൽ ജമീല, മുണ്ടാനൂരിൽ മേരി ഓലിക്കൽ, മണിക്കടവ് സൗത്തിൽ ഒ.വി. ഷാജു, കതുവാപറമ്പിൽ കെ.എ ജോഷി എന്നിവരാണ് റിബലായി രംഗത്തുള്ളത്. ഒ.വി. ഷാജു നേരത്തെ റിബലായി ജയിച്ചുകയറിയയാളാണ്.
ആറളം പഞ്ചായത്തിലെ കുണ്ടുമാങ്ങോട് വാർഡിൽ സോളി ജോയി നെല്ലിയാനിക്കെതിരെ ലിസി ജോർജ് റിബലായി രംഗത്തുണ്ട്. ചതിരൂരിൽ ജോർജ് ആലാമ്പള്ളിക്കെതിരെ ലിജോ ജോർജാണ് റിബൽ.