SignIn
Kerala Kaumudi Online
Saturday, 27 February 2021 10.04 AM IST

കച്ചമുറുക്കി മുന്നണികൾ

election

കൊച്ചി: സംസ്ഥാനം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് കൊച്ചി കോർപ്പറേഷനിൽ നടക്കുന്നത്. മാലിന്യസംസ്കരണം, വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി സങ്കീർണപ്രശ്നങ്ങളുടെ പേരിൽ ഏറെ പഴികേൾക്കുകയും ഹൈക്കോടതിയുടെ പോലും രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത നഗരഭരണം ഇനി ആരുടെ കൈകളിൽ ഭദ്രമാകുമെന്നതാണ് പ്രശ്നം.

മൂന്നുമുന്നണികളും വി ഫോർ കൊച്ചി കൂട്ടായ്മയും തമ്മിൽ നേർക്കുനേർ പോരാടുന്ന കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ നേതാക്കൾ സംസാരിക്കുന്നു.

നാഗരീകജീവിതം സാദ്ധ്യമാക്കും : എൽ.ഡി.എഫ്

നിഷേധിക്കപ്പെട്ട പരിസ്ഥിതി സൗഹൃദ മനുഷ്യാവകാശങ്ങളും നാഗരീകജീവിതവും സ്ഥാപിച്ചെടുക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു.

രാജ്യത്തെമ്പാടും നഗരവികസനത്തിന് പുതിയ പദ്ധതികളുണ്ടായെങ്കിലും 10 വ‌ർഷത്തെ യു.ഡി.എഫ് ഭരണത്തിൻ കൊച്ചിയിൽ വികനസമുരടിപ്പ് അനുഭവപ്പെട്ടു. കേരളത്തിൽ ആദ്യമായി സ്മാർട്ട്സിറ്റി പദ്ധതിക്കു തിരഞ്ഞെടുത്തത് കൊച്ചിയാണ്. ഒട്ടും സ്മാർട്ടായില്ലെന്നു മാത്രമല്ല, അടിസ്ഥാന പ്രശ്നങ്ങളായ മാലിന്യസംസ്കരണം പോലും ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചില്ല. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നില്ല. മോശപ്പെട്ട റോഡുകളും മഴക്കാലത്തെ വെള്ളക്കെട്ടും നഗരത്തിന് തീരാശാപമാണ്. ഈ കാര്യത്തിലുൾപ്പെടെ കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ് ഭരണം പൂർണപരാജയമാണ്.

അടിസ്ഥാന വികസനം യാഥാർത്ഥ്യമാക്കി കോർപ്പറേഷനിലെ മുഴുവൻ ജനങ്ങൾക്കും ആധൂനിക നാഗരീകജീവിതം സമ്മാനിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം.

അധികാര തുടർച്ചയുണ്ടാകും: യു.ഡി.എഫ്

കഴിഞ്ഞ അഞ്ചു വർഷക്കാലം കൊച്ചി കോർപ്പറേഷനിലെ വികസനമുരടിപ്പിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്ന് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ പറഞ്ഞു. ഉദ്യോഗസ്ഥ വിന്യാസമുൾപ്പെടെ കോർപ്പറേഷൻ ഭരണസമിതിയെ നോക്കുകുത്തിയാക്കി നയപരമായ ഇടപെടലുകളും സാമ്പത്തിക സമ്മർദ്ദവുമായിരുന്നു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കൃത്യമായ ഇടവേളയിൽ പ്ലാൻഫണ്ട‌് ലഭ്യമാക്കാതിരിക്കുക, സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുക, ബില്ലുകൾ പിടിച്ചുവയ്ക്കുക തുടങ്ങിയ കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.

ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് ദുർബല വിഭാഗങ്ങൾക്കു 3,800 വീടുകൾ പൂർത്തിയാക്കാൻ കോർപ്പറേഷന് സാധിച്ചത് വലിയ കാര്യമാണ്. 1,000 വീടുകളുടെ നിർമ്മാാണം അവസാനഘട്ടത്തിലാണ്. മാലിന്യസംസ്കരണം സംസ്ഥാന സർക്കാരും ശുചിത്വമിഷനും ചേർന്നാണ് കുളമാക്കിയത്. കോർപ്പറേഷനെ മാറ്റിനിറുത്തി സർക്കാർ നിശ്ചയിച്ച സ്വകാര്യ ഏജൻസിയാണ് മാലിന്യസംസ്കരണം ഏറ്റെടുത്തത്. കോർപ്പറേഷന്റെ സ്ഥലം സ്വകാര്യകമ്പനിക്ക് കൈമാറി. സ്ഥലം പണയപ്പെടുത്തി ബാങ്കിൽ നിന്ന് വായ്പ എടുക്കാനുള്ള അവകാശമുൾപ്പെടെയാണ് കൈമാറിയത്. പ്ലാന്റിനുവേണ്ടി 16 ലൈസൻസുകളും ലഭ്യമാക്കി. കഴിഞ്ഞ മാർച്ച് വരെ ഒന്നും ചെയ്യാൻ സാധിക്കാത്ത കമ്പനിയെ സർക്കാർതന്നെ ഒഴിവാക്കി.

കുടിവെള്ളപ്രശ്നം കൈകാര്യം ചെയ്യുന്നതിനും കോർപ്പറേഷന് അനുവാദമില്ല. എം.ജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും റോഡുകളുടെ നവീകരണത്തിനും സ്വന്തമായി എൻജിനീയറിംഗ് സംവിധാനമില്ല. എല്ലാ അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കുന്നതിനും കൊച്ചിയെ ടൂറിസം ഹബ്ബ് ആക്കി മാറ്റുന്നതിനും രഷ്ട്രീയത്തിന് അതീതമായി ജനകീയകൂട്ടായ്മാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

പഴിചാരി വികസനം അട്ടിമറിക്കുന്നു: എൻ.ഡി.എ

ഏറ്റവും ആദ്യം പരിഹരിക്കപ്പെടേണ്ടിയിരുന്ന വിഷയങ്ങൾ 50 വർഷം കഴിഞ്ഞിട്ടും ചർച്ച ചെയ്യുന്നതാണ് കൊച്ചിയുടെ ശാപമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റും എൻ.ഡി.എ ചെയർമാനുമായ എസ്. ജയകൃഷ്ണൻ പറഞ്ഞു.

യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിച്ചും പരസ്പരം പഴിചാരിയും കാലം കഴിച്ചുകൂട്ടുകയാണ്. കെടുകാര്യസ്ഥതയാണ് ഭരണത്തിലുണ്ടായത്. 10 വർഷം ഭരിച്ചിരുന്ന യു.ഡി.എഫ് ഇനി വിജയിച്ചാൽ വലിയ കാര്യങ്ങൾ ചെയ്യുമെന്ന് പറയുന്നത് വിചിത്രമാണ്. മാലിന്യസംസ്കരണം, കൊതുകുശല്യം, കുടിവെള്ളപ്രശ്നം തുടങ്ങിയവയിൽ ദയനീയ പരാജയമാണ്. രണ്ടുമുന്നണികൾക്കും ഉത്തരവാദിത്വമുണ്ട്. നഗരത്തിൽ വരുന്നവർക്ക് വൃത്തിയുള്ള ഭക്ഷണവും കുടിവെള്ളവും രാത്രിയിൽ കൊതുക് കടികൊള്ളാതെ കിടന്നുറങ്ങാനും സൗകര്യമില്ല. എന്നിട്ടാണ് ടൂറിസം ഹബ്ബ് ഉണ്ടാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇനിയൊരു അവസരം കിട്ടിയാൽ എല്ലാം ശരിയാക്കുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.

ബി.ജെ.പി മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാരിന്റെ നഗരവികസന പദ്ധതികൾ കൊച്ചിയിലും അതിവേഗം നടപ്പിലാക്കും. സംസ്ഥാനങ്ങൾ നടപ്പാക്കുന്ന പലവൻകിട പദ്ധതികളും നരേന്ദ്രമോദി സർക്കാർ ആവിഷ്കരിച്ചതാണ്. അതിന്റെയൊക്കെ യഥാർത്ഥഗുണഫലം കൊച്ചിക്കും ലഭിക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOCHI CORPARATION
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.