കൊച്ചി: കൊച്ചി കപ്പൽശാലയിൽ ആദ്യത്തെ സ്വയംനിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിർമ്മാണം ആരംഭിച്ചു. നോർവെ കമ്പനിയായ അസ്കോ ആൻഡ് അസ്കോ മാരിടൈമിനു വേണ്ടിയാണ് കൊച്ചിയിൽ 'കപ്പിത്താനില്ലാ കപ്പലുകൾ' നിർമ്മിക്കുന്നത്.
നിർമ്മാണത്തിനു തുടക്കം കുറിച്ച് ബി.വൈ 146 എന്ന കപ്പലിന്റെ പ്ലേറ്റ് കട്ടിംഗ് അസ്കോ ചെയർമാൻ തുർബിയൊൻ യൊഹാൻസൻ വിഡിയോ കോൺഫറൻസിലൂടേയും ബി.വൈ 147 കപ്പലിന്റെ പ്ലേറ്റ് കട്ടിംഗ് കൊച്ചി കപ്പൽശാല ഡയറക്ടർ എൻ.വി. സുരേഷ് ബാബുവും നിർവഹിച്ചു. കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായർ, തുർബിയൊൻ യൊഹാൻസൻ, അസ്കോ മാരിടൈം എം.ഡി കയ് ജസ്റ്റ് ഒസ്ലെൻ എന്നിവർ സംസാരിച്ചു.
67 മീറ്റർ നീളമുള്ള ചെറുകപ്പലുകൾ പൂർണ സജ്ജമായ ഇലക്ട്രിക് ട്രാൻസ്പോർട്ട് ഫെറിയായി നോർവെക്കു കൈമാറുക. 1,846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും ഇതു പ്രവർത്തിക്കുക. ചരക്കു നിറച്ച 16 ട്രെയ്ലറുകൾ വഹിക്കാനുള്ള ശേഷി ഫെറികൾക്കുണ്ടാകും.
കൊച്ചി കപ്പൽശാല പൂർണമായും എൻജിനീയറിംഗ് നിർവഹിക്കുന്ന കപ്പലിന്റെ രൂപകല്പന നേവൽ ഡൈനമിക്സ് നോർവെ ആണ് നിർവഹിച്ചത്. ആഗോള തലത്തിൽ മുൻനിര കപ്പൽ നിർമ്മാണ കമ്പനികളെ പിന്തള്ളിയാണ് ഓട്ടോണമസ് ഇലക്ട്രിക് ഫെറി കരാർ കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്.
പുതിയ കരാറോടെ കൊച്ചി കപ്പൽശാലക്ക് ആഗോളതലത്തിൽ മുൻനിര കപ്പൽനിർമ്മാതാക്കളുടെ ശ്രേണിയിൽ ഉയർന്ന സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു
സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പൽ
രണ്ട് സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിർമ്മാണത്തിന് കൊച്ചി കപ്പൽശാല ജൂലായിലാണ് നോർവീജിയൻ കമ്പനിയുമായി കരാർ ഒപ്പിട്ടത്. നോർവെ കമ്പനിയായ അസ്കോ മരിടൈം എ.എസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികൾ നിർമ്മിച്ചു കയറ്റുമതി ചെയ്യാനാണ് കരാർ. രണ്ടു സമാന ഫെറികൾ കൂടി കൊച്ചിയിൽ നിർമ്മിക്കും. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണരഹിത ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോർവെ പദ്ധതിയാണ് 'കപ്പിത്താനില്ലാ കപ്പലായ' ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിർമ്മാണം. പദ്ധതിക്ക് നോർവെ സർക്കാരിന്റെ പിന്തുണയുമുണ്ട്.
.