ബീജിംഗ്: തിരഞ്ഞെടുപ്പിൽ വിജയം നേടിയ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. മുൻപ്, ചൈനീസ് വിദേശകാര്യ മന്ത്രാലയം ഏറെ നാളത്തെ മൗനത്തിന് ശേഷം ബൈഡനെ അഭിനന്ദനം അറിയിച്ചിരുന്നെങ്കിലും ജിൻപിംഗ് പ്രതികരിച്ചിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നതിനിടെയാണ് ജിൻപിംഗ് ബൈഡന് അഭിനന്ദന സന്ദേശം അയച്ചിരിക്കുന്നത്.
'ചൈന-യു.എസ് ബന്ധം ആരോഗ്യകരവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നു, ഇതിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മൗലിക താൽപര്യങ്ങൾ നിറവേറ്റുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു പ്രതീക്ഷകൾ നിറവേറ്റുകയും ചെയ്യുന്നു'
സംഘർഷരഹിത അന്തരീക്ഷം സൃഷ്ടിക്കൽ, ഏറ്റുമുട്ടൽ ഇല്ലാതിരിക്കൽ, പരസ്പര ബഹുമാനം, വിൻ -വിൻ സഹകരണം, സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പരസ്പര ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇരുരാജ്യവും സഹകരിക്കുമെന്ന് പ്രതീക്ഷയുണ്ട് - ജിൻപിംഗ് സന്ദേശത്തിൽ പറഞ്ഞു.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ മുൻപ് ചൈനീസ് വൈസ് പ്രസിഡന്റ് വാങ് കിഷൻ അഭിനന്ദിച്ചിരുന്നെന്നും ജിൻപിംഗ് കൂട്ടിച്ചേർത്തു.