കോലഞ്ചേരി: ഐ.എ.എസ്സുകാരെ സൃഷ്ടിക്കാനുള്ള നിയോഗം തല്ക്കാലം മാറി നില്ക്കട്ടെ. ഇവിടെ പരിശീലകൻ സ്ഥാനാർത്ഥി കുപ്പായമണിഞ്ഞു.വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പുത്തൻകുരിശ് ഡിവിഷനിൽ മത്സരിക്കുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജൂബിൾ ജോർജാ (30)ണ് അപ്രതീക്ഷിതമായെത്തിയ പുതിയ നിയോഗവുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
പുറ്റുമാനൂർ പൂപ്പനാൽ കുടുംബാംഗമാണ് ബിടെക് ബിരുദധാരിയായ ഈ യുവാവ്. സ്ഥാനാർത്ഥിയാകാൻ ബിരുദധാരികളായ പുതുമുഖ യുവാക്കളെ തേടിയുള്ള അന്വേഷണമാണ് ഇടത് മുന്നണി നേതാക്കളെ ജൂബിളിലേക്കെത്തിച്ചത്. ആദ്യം വൈമനസ്യം തോന്നിയെങ്കിലും പിന്നീട് നിയോഗം ധൈര്യ സമേതം ഏറ്റെടുത്തു. വടവുകോട് രാജർഷി സ്കൂളിൽ പ്ലസ്ടു പൂത്തിയാക്കിയ ശേഷം തമിഴ്നാട്ടിലായിരുന്നു ബി.ടെക് പഠനം. തുടർന്ന് ടോക് എച്ച് കോളജിൽ എം.ബി.എയും പൂർത്തിയാക്കി. രണ്ട് വർഷം കണ്ണന്താനം അക്കാഡമിയിൽ സിവിൽ സർവ്വീസ് പരിശീലകനായി. ശേഷമാണ് കിൻഫ്രയിലെ സ്വകാര്യ സ്ഥാപനത്തിലും സിവിൽ സർവീസ് പരിശീലകനായത്. ഈ ജോലി തുടരുമ്പോഴാണ് സ്ഥാനാർത്ഥിത്വം. തൊടുപുഴ അൽഅസ്ഹർ കോളജിലെ ലക്ചറർ മെർലിനാണ് ജൂബിളിന്റെ ഭാര്യ.