കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം തുടങ്ങി. അവർ ജോലി ചെയ്യുന്ന ഓഫീസ് സ്ഥിതി ചെയ്യുന്ന തദ്ദേശസ്ഥാപനം വഴിയാണ് വിതരണം. നിയമന ഉത്തരവുകൾ കൈപ്പറ്റുന്നതിനായി 27, 28, 29 തീയതികളിൽ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസ്സുകൾ 30 മുതൽ 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രത്തിലും വച്ച് നടക്കും. നിയമന ഉത്തരവുകൾ ലഭിച്ച എല്ലാ പ്രിസൈഡിംഗ് ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും പരിശീലനത്തിൽ പങ്കെടുക്കണം. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ നിയമന ഉത്തരവ് ബന്ധപ്പെട്ട ഓഫീസ് മേധാവികൾക്ക് ഓഫീസിൽ നിന്നും പ്രിന്റ് ഔട്ട് എടുത്ത് ജീവനക്കാർക്ക് കൊടുക്കാനും ഇത്തവണ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനത്തിനും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും ഹാജരാകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.