ബ്യൂണസ് അയേഴ്സ് : അർജന്റീനയിൽ നിന്ന് ആ വാർത്ത ആദ്യം പുറത്തുവന്നപ്പോൾ വിശ്വസിക്കാൻ ഫുട്ബാൾ ലോകം ഒന്നു മടിച്ചു. അറുപതാം പിറന്നാളിന്റെ നിറശോഭയ്ക്കു പിന്നാലെ തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിലായെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങിയ പ്രിയതാരം ആരാധകരുടെ ആരവങ്ങൾക്കു നടുവിൽ നിന്ന് മരണത്തിന്റെ ഏകാന്ത മൈതാനത്തേക്കു മറഞ്ഞത് തീർത്തും അപ്രതീക്ഷിതമായി. ദൈവം അനുഗ്രഹത്തിന്റെ കരമുദ്ര തൊട്ട അദ്ഭുതഗോളുകൾക്ക് പിറവി നൽകിയ മാന്ത്രികൻ ദൈവത്തിലേക്ക് യാത്രയായെന്ന തിരിച്ചറിവിൽ തപ്തമായ മനസുകൊണ്ട് ലോകമൊന്നാകെ വിതുമ്പി...അഡിയോസ് ഡീഗോ...(വിട,ഡീഗോ).
കഴിഞ്ഞ ദിവസം ബ്യൂണസ് അയേഴ്സിലെ മകളുടെ വസതിയിൽ വച്ചാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണത്തിന് മറഡോണ കീഴടങ്ങിയത്. രാജ്യത്തിന്റെ ഏറ്റവും വലിയ ദുഃഖമെന്ന് പ്രഖ്യാപിച്ച അർജന്റീന ഗവൺമെന്റ് തലസ്ഥാന നഗരിയിലെ ഭരണ സിരാകേന്ദ്രമായ കാസാ റൊസാദയിലേക്ക് മൃതദേഹം പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കുമായി മാറ്റി. സംസ്കാരം എപ്പോൾ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
അർജന്റീനയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കായികമേഖലയിൽ രണ്ടുദിവസത്തെ ദുഃഖാചരണം മന്ത്രി ഇ.പി. ജയരാജൻ പ്രഖ്യാപിച്ചു. 2012ൽ മറഡോണ കേരളം സന്ദർശിച്ചിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നെന്നും തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാഴ്ത്തി അദ്ദേഹം പറഞ്ഞു. കളിക്കളത്തിലും പുറത്തും അദ്ഭുതപ്രതിഭയായിരുന്ന ഡീഗോയുടെ വേർപാടിൽ ലോകമെങ്ങുമുള്ള കളിക്കാരും ആരാധകരും അനുശോചിച്ചു.
തനിക്കു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഇതിഹാസത്തെയും നഷ്ടപ്പെട്ടുവെന്ന് പ്രതികരിച്ച പെലെ എത്രയും പെട്ടെന്ന് തങ്ങൾ ഒരുമിച്ച് ആകാശത്തിൽ പന്തുതട്ടുമെന്നും അനുശോചന സന്ദേശത്തിൽ എഴുതി. മറഡോണ ഫുട്ബാളിനായി പകർന്ന വിസ്മയങ്ങൾ എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹത്തിന് മരണമില്ലെന്നും ഡീഗോയുടെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന മെസി ട്വിറ്ററിൽ കുറിച്ചു.
491 മത്സരം, 259 ഗോൾ
1960 ഒക്ടോബർ 30ന് അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശമായ ലാനസിൽ ഡീഗോ മറഡോണ സീനിയറിന്റെയും ഡാൽമ സാൽവഡോർ ഫ്രാങ്കയുടേയും മകനായി ജനനം. ദാരിദ്ര്യം നിറഞ്ഞാടിയ ബാല്യകാലത്ത് ഫുട്ബാളായിരുന്നു കുഞ്ഞു മറഡോണയുടെ പ്രധാന കൂട്ടുകാരൻ. 1977 ഫെബ്രുവരി 27ന് പതിനാറാം വയസിൽ ഹംഗറിക്കെതിരെ രാജ്യാന്തര അരങ്ങേറ്രം. 1978 ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ചാമ്പ്യനാക്കി ആ അഞ്ചടി അഞ്ചിഞ്ചുകാരൻ വരവറിയിച്ചു. നാല് ലോകകപ്പുകളിൽ കളിച്ചു. 1990 ലോകകപ്പിൽ അർജന്റീനയെ റണ്ണേഴ്സ് അപ്പ് ആക്കി.
1994 ലോകകപ്പിനിടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് പുറത്തായി. രാജ്യത്തിനായി 91 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി. അർജന്റീന ജൂനിയേഴ്സ്, ബൊക്ക ജൂനിയേഴ്സ് ബാഴ്സലോണ, നാപ്പോളി,സെവിയ്യ, ന്യൂവെൽ ഓൾഡ് ബോയ്സ് തുടങ്ങിയ ക്ളബുകൾക്കു വേണ്ടി കളിച്ചു. ആകെ 491 പ്രൊഫഷണൽ മത്സരങ്ങളിൽ നിന്ന് 259 ഗോളുകൾ നേടി. 2010ൽ അർജന്റീനയുടെ പരിശീലകനായും ലോകകപ്പിനെത്തി. പിന്നീട് വിവിധ ക്ളബുകളുടെ പരിശീലകനായി തുടർന്നു.
ദൈവത്തിന്റെ കരവും നൂറ്റാണ്ടിന്റെ ഗോളും
1986 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ളണ്ടിനെതിരെ മറഡോണ നേടിയ ആദ്യ ഗോളിൽ അദ്ദേഹത്തിന്റെ കരസ്പർശമുണ്ടായിരുന്നു. ഇത് റഫറി കാണാഞ്ഞതിനാൽ ഗോളനുവദിച്ചു. പിന്നീട് വിവാദമായപ്പോൾ അത് ദൈവത്തിന്റെ കരങ്ങളായിരുന്നുവെന്ന് മറഡോണ പറഞ്ഞു. മൈതാന മദ്ധ്യത്തു നിന്ന് അഞ്ച് എതിരാളികളെ വെട്ടിച്ച് ഒറ്റയ്ക്കു മുന്നേറി നേടിയ നൂറ്റാണ്ടിന്റെ ഗോളും പിറന്നത് ഇതേ മത്സരത്തിലായിരുന്നു.