ചാലക്കുടി: ദേശീയ പാതയിൽ കൊരട്ടിയിൽ അരി ലോറിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് മാഞ്ഞാടിയിൽ അനീഷ് ഭവനത്തിൽ അനീഷ് (36), കൊല്ലം ഏരൂർ പാണയം ശ്രീഹരി നിലയം വീട്ടിൽ സജീവൻ (39) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ സി.ഐ ബി.കെ അരുൺ, പ്രിൻസിപ്പൽ എസ്.ഐ ഷാജു എടത്താടൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവർ നിരവധി ലഹരി മരുന്ന് കേസിൽ പ്രതികളാണ്. ആന്ധ്രപ്രദേശിൽ നിന്നും കൊല്ലത്തേയ്ക്ക് കൊണ്ടു പോയിരുന്ന അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കൊരട്ടി ജംഗ്ഷനിൽ പൊലീസ് ലോറി തടയുകയായിരുന്നു. പരിശോധനയ്ക്കിടയിൽ കഞ്ചാവ് കണ്ടെടുത്തു. വിവരമറിഞ്ഞ് നൂറ് കണക്കിനാളുകൾ സംഭവ സ്ഥലത്ത് തടിച്ചുകൂടി. കൊല്ലത്ത് നിന്നും പശ്ചിമ ബംഗാളിലേക്ക് കശുവണ്ടി കയറ്റി പോകുന്ന അനീഷും തിരിച്ചു വരുമ്പോൾ ആന്ധ്രയിൽ നിന്നും അരി ലോഡെടുക്കുന്നത് സ്ഥിരമാണ്. ഇതിനിടെയാണ് മടക്കയാത്രയിൽ കഞ്ചാവ് കടത്തലും ആരംഭിച്ചത്.
ഇത് മനസിലാക്കിയാണ് പൊലീസിന്റെ ഓപറേഷൻ. കഞ്ചാവ് കടത്ത് തുടങ്ങിയത് മുതലാണ് സജീവനെയും ഒപ്പം കൂട്ടിയത്. ആന്ധ്രാപ്രദേശിലെ വനമേഖലയിൽ വിളയുന്ന കഞ്ചാവ് കിലോക്ക് 5000 രൂപയ്ക്ക് വാങ്ങി നൽകാൻ വിശാഖപട്ടണം, രാജമുന്ദ്രി എന്നിവിടങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. തൂശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡാർക്ക് നൈറ്റ് ഹണ്ടിംഗ് പദ്ധതി പ്രകാരമാണ് കഞ്ചാവ് വേട്ട നടന്നത്.
എസ്.ഐ സജി വർഗ്ഗീസ് പ്രത്യേകാന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സി.പി.ഒമാരായ വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, ഹൈടെക് സെൽ പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, മനു, കൊരട്ടി സ്റ്റേഷനിലെ എ.എസ്.ഐമാരായ എം.എസ് പ്രദീപ്, ഷിബു, ചന്ദ്രൻ, പി. സുധീർ, സീനിയർ സി.പി.ഒമാരായ ബിജു എം.ബി, രഞ്ജിത്ത് വി.ആർ, ഹോം ഗാർഡുമാരായ രവീന്ദ്രൻ, ജയൻ, ജോയി എന്നിവരും ഉൾപ്പെടുന്ന സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.