മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വെല്ലുവിളി ഉയർത്തി വിമത സ്ഥാനാർത്ഥി. പത്താംവാർഡായ പഴംപറമ്പിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഭീഷണിയുയർത്തി വിമത മത്സരിക്കാൻ ഉറച്ചുനിൽക്കുന്നത്. മുസ്ലിം ലീഗിലെ റജീന പൈക്കാട്ടിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ പ്രതിനിധിയായി കൊടിയത്തൂർ പഞ്ചായത്തംഗമായിരുന്ന മറിയംകുട്ടിഹസ്സനാണ് വിമതയായി മത്സരിക്കുന്നത്. കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം സെക്രട്ടറിയായിരുന്ന കുട്ടിഹസ്സന്റെ ഭാര്യയാണ് മറിയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ ലീഗും കോൺഗ്രസ്സും തമ്മിലടിച്ച് തോൽവി ഏറ്റുവാങ്ങിയിരുന്നു. യു.ഡി. എഫ് , കോൺഗ്രസ് നേതൃത്വങ്ങളുടെ നിരുത്തരവാദ നിലപാടാണ് ഈ അവസ്ഥയിലെത്തിച്ചതെന്നും മത്സരത്തിൽ ഉറച്ചു നിൽക്കുമെന്നും മറിയംകുട്ടി ഹസ്സനെ അനുകൂലിക്കുന്നവർ പറയുന്നു. വാർഡിൽ കോൺഗ്രസ് നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥി മുസ്ലീംലീഗിന്റെ സമ്മതത്തോടെ സ്വതന്ത്രയായി മത്സരിക്കണമെന്നായിരുന്നു ധാരണ. എന്നാൽ കോൺഗ്രസ് നിർദ്ദേശിച്ച സ്ഥാനാർത്ഥി മുസ്ലിം ലീഗിന് സ്വീകാര്യമായില്ല. തുടർന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ ഭാര്യയെ മുസ് ലിം ലീഗിന്റെ കോണി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന ഓഫർ കോൺഗ്രസ് മുന്നോട്ടു വച്ചെങ്കിലും അതും മുസ്ലിംലീഗ് അംഗീകരിച്ചില്ല. ഇതിനിടെ കോൺഗ്രസ് അനുമതി കൂടാതെ മുസ്ലിം ലീഗ് സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് മറിയം അനുകൂലികൾ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരരംഗത്ത് ഉറച്ചു നിൽക്കുന്ന മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ മറിയം കുട്ടി ഹസ്സൻ, ഭർത്താവും കോൺഗ്രസ് മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ കുട്ടിഹസ്സൻ എന്നിവർക്കെതിരെ നടപടിക്ക് കോൺഗ്രസ് നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപെട്ടതായി കൊടിയത്തുർ മണ്ഡലം പ്രസിഡന്റ് മുനീർ ഗോതമ്പു റോഡ് പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. ടി. അഷ്റഫ്, ജില്ല കമ്മിറ്റി സെക്രട്ടറി സി.ജെ. ആൻറണി എന്നിവർക്ക് ഇക്കാര്യമാവശ്യപ്പെട്ട് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു. പഴംപറമ്പ്, കാരാളി പറമ്പ് പ്രദേശങ്ങളിൽ കോൺഗ്രസും മുസ്ലിം ലീഗും ഏറെ കാലമായി അകൽച്ചയിലാണ്. ഈ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പത്താംവാർഡ്.