കോഴിക്കോട്: ജില്ലയിൽ ഇനി ബി.ജെ.പിയുടെ ഊഴമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ കേരളകൗമുദിയോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സാദ്ധ്യതകൾ വിലയിരുത്താമോ?.
വലിയ മുന്നേറ്റമാണ് ജില്ലയിൽ ഉണ്ടാവാൻ പോകുന്നത്. കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിക്കുന്ന തരത്തിലുള്ള മുന്നേറ്റം ദൃശ്യമാണ്. തുടക്കത്തിൽ ബി.ജെ.പിയുടെ നില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു. എന്നാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതോടെ സ്ഥിതി മെച്ചപ്പെടുത്തുകയല്ല ഭരണം പിടിക്കാൻ സാധിക്കുമെന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇനി ബി.ജെ.പിയുടെ ഊഴമാണെന്ന് തെളിയിക്കുന്ന സൂചനകളാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.
ബി.ജെ.പിയുടെ മുന്നേറ്റത്തിന് കണ്ടെത്തിയിരിക്കുന്ന കാരണങ്ങൾ?
കൊവിഡ് കാലത്ത് ജനങ്ങളെ സഹായിച്ച നടപടികളും ഇടത് -വലത് മുന്നണികളുടെ ഒത്തുകളികളുമാണ് ബി.ജെ.പിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചത്. കൊവിഡ് സമയത്ത് കേന്ദ്ര സർക്കാർ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിച്ചതും റേഷൻ കടകൾ വഴി പയറും കടലയും വിതരണം ചെയ്തതും ജനങ്ങൾ മറക്കില്ല. നേരത്തെ കേന്ദ്രം പദ്ധതികൾ ആവിഷ്കരിച്ച് പണം നൽകി നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാർ മറ്റൊരു പേര് നൽകി സ്വന്തമാക്കുകയാണ് പതിവ്. ഇത്തവണ നരേന്ദ്ര മോദി സർക്കാർ നേരിട്ട് സഹായം എത്തിച്ചതിലൂടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല.
ജില്ലയിൽ ഏതുമുന്നണിയുമായാണ് ബി.ജെ.പിയുടെ മത്സരം?
ചിലയിടങ്ങളിൽ എൽ.ഡി.എഫ് ആണെങ്കിൽ ചില സ്ഥലങ്ങളിൽ യു.ഡി.എഫ് ആണ്. എതിരാളികളാരെന്ന് ചിന്തിക്കുന്നേയില്ല. ഞങ്ങളുടെ ലക്ഷ്യം വിജയമാണ്. അതിനായി പ്രവർത്തിക്കുകയാണ്. രണ്ട് മുന്നണികളും പരാജയമാണെന്ന വസ്തുത ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കും.
കോർപ്പറേഷൻ ഭരണം ലഭിച്ചാൽ ആദ്യ പരിഗണന എന്തിനായിരിക്കും?
കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ വൻ പദ്ധതികൾ കൊണ്ടുവരുന്നതിന് പുറമെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ കുടിവെള്ളം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണും. വികസനം മുൻനിർത്തിയാണ് വോട്ട് ചോദിക്കുന്നത്. അവ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കും. കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതി 65 രാഷ്ട്രീയ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. ഇത്തരം വൃത്തികേടുകളൊന്നും ചെയ്യില്ല. അധികാരത്തിലേറിയാൽ മുഴുവൻ ജനങ്ങളുടെയും ഭരണസമിതിയാണ്. അതനുസരിച്ച് പ്രവർത്തിക്കും.