അമ്പലപ്പുഴ : പശുവിനെ മോഷ്ടിച്ച് അറവുശാലയിലെത്തിച്ച് മാംസമാക്കി വിറ്റ് കാശാക്കിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നീർക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി വഴിച്ചേരി വാർഡിൽ ചാവടി പറമ്പിൽ സിദ്ദിഖ് (29), അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കമ്പിവളപ്പിൽ ദേവൻ (29), അമ്പലപ്പുഴ തെക്ക് അഞ്ചാം വാർഡിൽ പുതുവൽ വീട്ടിൽ അൻസിൽ (37) എന്നിവരെയാണ് പുന്നപ്ര സി.ഐ എം.യഹിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പുന്നപ്ര തെക്കു പഞ്ചായത്ത് കിഴക്കേ തയ്യിൽ വീട്ടിൽ കുഞ്ഞുമോന്റെ പുരയിടത്തിൽ കെട്ടിയിരുന്ന 25000 രൂപ വിലമതിക്കുന്ന പശുവിനെ രാത്രി 11 ഓടെ ഇവർ മൂവരും ചേർന്ന് മിനിലോറിയിൽ പുറക്കാട് ഭാഗത്തുള്ള അനീഷിന്റെ ഇറച്ചി തട്ടിലെത്തിച്ച് മാംസമാക്കി വിൽപ്പന നടത്തുകയായിരുന്നു. കുഞ്ഞുമോന്റെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പുന്നപ്ര പൊലീസ് പ്രതികളെ കാക്കാഴം ഭാഗത്തു നിന്നും ബുധനാഴ്ച രാത്രിയോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇറച്ചിക്കട നടത്തുന്ന പുറക്കാട് സ്വദേശി അനീഷ്, തോൽ വിൽപ്പന നടത്തിയ പല്ലന സ്വദേശി എന്നിവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. എസ്.ഐ മാരായ നവാസ്, അബ്ദുൾ റഹിം, എ.എസ്.ഐ മാരായ ബോബൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ഷിബു, ഉണ്ണിക്കൃഷ്ണൻ എന്നിവരും ക്രൈം സ്ക്വാഡംഗം മാത്യൂസും അന്വേഷണസംഘത്തിലുണ്ടായിരുന്നു.