കാഞ്ഞങ്ങാട്: മത്സ്യവിൽപ്പനയ്ക്കിടയിൽ ആടിനെ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ചാളക്കടവിലെ ഫനീഫ (38), നീലേശ്വരം കണിച്ചിറയിലെ ഷബീർ (24) എന്നിവരെയാണ് അമ്പലത്തറ ഇൻസ്പെക്ടർ ടി. ദാമോദരൻ അറസ്റ്റ് ചെയ്തത്. ഏച്ചിക്കാനം താന്നിക്കാലിലെ ജാനകിയുടെ മൂന്ന് വയസ് പ്രായമുള്ള ആടിനെയാണ് ഇവർ മോഷ്ടിച്ചത്. പറമ്പിൽ കെട്ടിയ ആടിനെ കാണാതായിരുന്നു. എച്ചിക്കാനത്തുള്ള ബന്ധു കരുണൻ വീട്ടിലെ സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ ഗുഡ്സ് ഓട്ടോയിൽ ആടിനെ കടത്തിയത് ശ്രദ്ധയിൽപ്പെട്ടു. സംശയത്തിന്റെ പേരിൽ ഉടമ അമ്പലത്തറ പൊലീസിൽ ഈ വാഹന നമ്പർ സഹിതം പരാതി നൽകി. ആർ.സി ഉടമയെ കണ്ടെത്തി അന്വേഷിച്ചപ്പോൾ ഈ വാഹനം മത്സ്യ കച്ചവടത്തിനായി വാടകയ്ക്ക് കൊടുത്തതായി മനസിലാക്കിയ പൊലീസ് പ്രതികളെ ഇന്നലെ പുലർച്ചെ അവരുടെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആടിനെ ഇവർ കോട്ടപ്പുറത്ത് 5500 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നു. ഓട്ടോയും, ആടിനെയും പൊലീസ് കസ്റ്റഡിലെടുത്തു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ആഴ്ച ഇരിയ മുട്ടിച്ചരലിലെ രാമചന്ദ്രന്റെ ആടിനെയും ഇവർ മോഷ്ടിച്ചതായി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഈ ആടിനെ 6000 രൂപയ്ക്ക് വിൽപ്പന നടത്തുകയും വാങ്ങിയ വ്യക്തി ഇതിനെ ഇറച്ചിയാക്കി വിൽപ്പന നടത്തിയിരുന്നു. അന്വേഷണ സംഘത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്, രമേശൻ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.