തിരുവനന്തപുരം: ഐ.ജി പി.വിജയന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ 17 വയസുള്ള രാജസ്ഥാൻകാരൻ സ്വദേശത്ത് നിന്ന് പിടിയിലായി.
സംസ്ഥാന വ്യാപകമായി മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും യൂണിഫോമിലുള്ള ചിത്രങ്ങൾ കരസ്ഥമാക്കിയായിരുന്നു തട്ടിപ്പിന് ശ്രമം. സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും റിക്വസ്റ്റ് നൽകി അവരുമായി സൗഹൃദം സ്ഥാപിക്കും. തുടർന്ന് അത്യാവശ്യഘട്ടങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പണം ആവശ്യപ്പെടുന്നതായിരുന്നു രീതി.
സൈബർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ടി.ശ്യാംലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ പുൻഹാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതിയെന്ന് കണ്ടെത്തി. തുടർന്ന് ഒരാഴ്ചയായി രാജസ്ഥാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സൈബർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ടി.ശ്യാംലാൽ പറഞ്ഞു.