ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന രീതിയിൽ ഫീസ് വിജ്ഞാപനം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ കത്ത് നൽകി. സംസ്ഥാന സർക്കാർ സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശാണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ഹൈക്കോടതി ഉത്തരവ് നിലനിന്നാൽ ഇത്തവണത്തെ പ്രവേശന നടപടികൾ സ്തംഭിക്കും. ഉയർന്ന ഫീസ് നൽകാനാവാത്തവർ പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാകും. അതിനാൽ, ഹൈക്കോടതി നിർദേശം ഇടക്കാല ഉത്തരവിലൂടെ ഉടൻ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
മാനേജ്മെന്റുകൾക്ക് ഫീസ് നിശ്ചയിക്കാൻ അധികാരമില്ലെന്നും സുപ്രീംകോടതി നിർദേശപ്രകാരമാണു ഫീസ് നിർണയസമിതി രൂപീകരിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വാശ്രയ മെരിറ്റ് സീറ്റിൽ ഫീസ് നിർണയ സമിതി നിശ്ചയിച്ചത് 6.22- 7.65 ലക്ഷം രൂപയായിരുന്നു. മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരിക്കുന്നതാകട്ടെ, 7.65– 20.7 ലക്ഷവും.
ഹൈക്കോടതി വിധിക്കെതിരെ റാങ്ക് പട്ടികയിലുള്ള ചില വിദ്യാർത്ഥികളും സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുംമുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ തടസ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.