പത്തനംതിട്ട: അഞ്ചു പേരടങ്ങിയ ചെറിയ സംഘം, ആൾക്കൂട്ടങ്ങളും പ്രകടനങ്ങളും ഇല്ല. പൊതുയോഗങ്ങൾക്കും നിയന്ത്രണം. സ്ഥാനാർത്ഥികൾക്കു സ്വീകരണ യോഗങ്ങളില്ല. സ്ഥാനാർഥിയുടെ മുഖം മാസ്ക് ഇല്ലാതെ കാണാനാകില്ല. കൊവിഡിനെ പ്രതിരോധിച്ച്, തിരഞ്ഞെടുപ്പു കമ്മിഷന്റെയും ആരോഗ്യവകുപ്പിന്റെയും കർശന മാർഗനിർദേശങ്ങൾ പാലിച്ച് പുരോഗമിക്കുകയാണ് പ്രചാരണരംഗം. എതിർ സ്ഥാനാർത്ഥികളെ മാത്രമല്ല കൊവിഡിനെയും അതിജീവിച്ച് വേണം ഇത്തവണ വിജയം നേടാൻ. മാസ്ക് ധരിച്ച്, സാനിറ്റൈസർ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ മുന്നോട്ടുപോകാനാകൂ. തിരഞ്ഞെടുപ്പു കമ്മിഷനും ആരോഗ്യവകുപ്പും പൊലീസുമെല്ലാം നിരീക്ഷണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
കുടുംബയോഗങ്ങളിലും സ്ക്വാഡ് പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മുന്നണികൾ. കുടുംബയോഗങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധം. സംസ്ഥാന നേതാക്കൾ പൊതുയോഗങ്ങൾ പരമാവധി ഒഴിവാക്കി കുടുംബയോഗങ്ങളിലാണ് പങ്കെടുക്കുന്നത്.
ഭവനസന്ദർശനത്തിലൂടെ വോട്ടർമാരെ നേരിൽക്കാണുകയാണ് സ്ഥാനാർത്ഥികൾ. ത്രിതല തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികൾ ഒന്നിച്ചിറങ്ങിയാൽ മൂന്നുപേരുണ്ടാകും. പിന്നീട് പ്രാദേശിക നേതാക്കൾ രണ്ടുപേർ കൂടി ആകുമ്പോൾ സ്ക്വാഡ് നിറയും. പ്രാദേശിക കൂട്ടായ്മകളിലൂടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നിയന്ത്രണങ്ങൾ ശക്തം
പ്രചാരണം ചൂടുപിടിച്ചതോടെ നിർദേശങ്ങൾ കടുപ്പിക്കുകയാണ് അധികൃതർ. സ്വീകരണവുമായി ബന്ധപ്പെട്ട ഹാരങ്ങൾ പൂർണമായി ഒഴിവാക്കാനാണ് പുതിയ നിർദേശം, മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും മാത്രമേ ഭവന സന്ദർശനം നടത്താവൂ. സാമൂഹിക അകലവും നിർബന്ധമാണ്.