ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൂന്നു പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് അഞ്ഞൂറോളം കർഷക സംഘടനകൾ പ്രഖ്യാപിച്ച ദില്ലി ചലോ മാർച്ച് ഹരിയാന പൊലീസ് തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറി. നേതാക്കളും കർഷകരും ഉൾപ്പെടെ നൂറിലേറെ പേർ ഹരിയാനയിലും ഡൽഹിയിലുമായി അറസ്റ്റിലായി.
പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ പഞ്ചാബിൽ നിന്നുള്ള കർഷകരും ഹരിയാന പൊലീസും ഏറ്റുമുട്ടി. മണിക്കൂറുകളോളം പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡുകൾ ഗഗ്ഗാർ നദിയിലേക്കു തള്ളിയിട്ട് കർഷകർ മുന്നോട്ടു നീങ്ങി. അമൃത്സർ-ഡൽഹി ദേശീയപാതയിലും മാർച്ച് പൊലീസ് തടഞ്ഞു. കർണാലിലും പഞ്ചാബിലെ കൈത്താൾ ജില്ലയിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് പ്രതിരോധം മറികടന്ന് പഞ്ചാബിൽ നിന്നുള്ള മൂന്നു റാലികൾ ഡൽഹിയിലേക്ക് നീങ്ങി.
ട്രാക്ടറിലും മറ്റുമായി പതിനായിരക്കണക്കിന് കർഷകരുടെ റാലി തടയാൻ ഡൽഹി അതിർത്തി അടച്ച് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ഡൽഹിയിൽ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ എഴുനൂറിലേറെ കർഷകർ അറസ്റ്റിലായി. ദേശീയ കൺവീനർ ശിവകുമാർ കക്കാജി, ദേശീയ കോർഡിനേറ്റർമാരായ കെ.വി ബിജു, അഭിമന്യൂ കോഹർ, കോർ കമ്മിറ്റി അംഗങ്ങളായ ജസ്ബീർ സിംഗ് ബട്ടി തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. കിസാൻസഭ പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി ആവശ്യപ്പെട്ടു. ഡിസംബർ 3ന് ചർച്ചയ്ക്ക് വരണമെന്നും മന്ത്രി സമര പ്രതിനിധികളെ അറിയിച്ചു.