മുംബയ്: മുംബയ് ഭീകരാക്രമണത്തിന്റെ 12-ാം വാർഷികത്തിന് ഓർമ്മക്കുറിപ്പ് പങ്കുവച്ച് രത്തൻ ടാറ്റ. മുംബയിലെ താജ്മഹലിന്റെ പെയിന്റിംഗ് പങ്കുവച്ചാണ് 'ഞങ്ങൾ ഓർമിക്കുന്നു" എന്ന കുറിപ്പ് രത്തൻ ടാറ്റ പങ്കുവച്ചത്. 2008 നവംബർ 26ന് നടന്ന സംഹാരം മറക്കുക എന്നത് അസാദ്ധ്യമാണ്. വിവിധയിടങ്ങളിൽ നിന്ന്, വിവിധ തരത്തിലെ ആളുകൾ മുംബയിലെത്തിയവർ ഭീകരതയ്ക്കും സംഹാരത്തിനും എതിരെ അന്ന് ഒറ്റക്കെട്ടായി നിന്നു. അന്ന് ജീവൻ നഷ്ടമായവരെ, ശത്രുക്കളെ പരാജയപ്പെടുത്താൻ ജീവത്യാഗം ചെയ്തവരെ നമുക്ക് ആദരിക്കാം. എങ്കിലും, നമുക്കിടയിലെ ഐക്യത്തെയും സൂക്ഷ്മബോധത്തേയും നാം അഭിനന്ദിക്കണം. വരുംകാലത്തും ഇതേ ഐക്യവും പരസ്പര സ്നേഹവും നിലനിൽക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.' എന്നായിരുന്നു അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 2008ൽ നാലു ദിവസം നീണ്ടുനിന്ന ഭീകരാക്രമണത്തിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്. 300 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഭീകരാക്രമണത്തിൽ പങ്കെടുത്ത പത്തു ഭീകരരിൽ ഒൻപതുപേരെയും അന്ന് വധിച്ചു. പത്താമനായ കസബിനെ 2012ൽ തൂക്കിലേറ്റി.