കൊല്ലം: മൂന്ന് വർഷം മുമ്പ് കുളത്തൂപ്പുഴ സാംനഗറിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ ലുക്ക് ഔട്ട് നോട്ടീസുണ്ടായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെല്ലിമൂട് വിഷ്ണുഭവനിൽ ജിഷ്ണുവിനെയാണ് (23) അറസ്റ്റ് ചെയ്തത്. 2017ൽ വിഷ്ണുവുൾപ്പടെയുള്ള സംഘം പ്രദേശത്തെ സി.പി.എം പ്രവർത്തകരെ ആക്രമിച്ചെന്നാണ് കേസ്. കേസിൽ പ്രതിയായ ജിഷ്ണു കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോയതിനാൽ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും എയർപോർട്ടിലെത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.