ന്യൂഡൽഹി: മാസങ്ങളുടെ ഇടവേളകളിൽ നടക്കുന്ന നിരവധി തിരഞ്ഞെടുപ്പുകൾ വികസനത്തെ ബാധിക്കുന്നതിനാൽ 'ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. ലോക്സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ത്യയിൽ പ്രിസൈഡിംഗ് ഓഫീസർമാരുടെ സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒാരോ തിരഞ്ഞെടുപ്പിനും പ്രത്യേകം വോട്ടർ പട്ടികയുണ്ടാക്കുന്നത് സമയവും സമ്പത്തും നഷ്ടപ്പെടുത്തും. ഒറ്റ വോട്ടർ പട്ടിക ഉപയോഗിച്ച് എല്ലാ തലങ്ങളിലേക്കും ഒന്നിച്ച് വോട്ടെടുപ്പ് സാദ്ധ്യമാകും.18 വയസു തികഞ്ഞവർക്ക് വോട്ടവകാശമുള്ള രാജ്യത്ത് അതിന് ബുദ്ധിമുട്ടില്ല. ഡിജിറ്റൽ വിദ്യകൾ ഇതിനായി ഉപയോഗിക്കാമെന്നും മോദി നിർദ്ദേശിച്ചു.
2014ലെ ഒന്നാം മോദി സർക്കാർ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം രാഷ്ട്രീയ കക്ഷികളുമായി ചർച്ച ചെയ്തെങ്കിലും സമവായമുണ്ടായില്ല. 2019ൽ രണ്ടാം തവണ അധികാരമേറ്റ ശേഷം ആദ്യമായാണ് ഈ വിഷയം മോദി വീണ്ടും ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള നീക്കം ശക്തമാക്കുമെന്ന സൂചനയാണിതെന്ന് കരുതുന്നു.
നിയമങ്ങൾ ലളിതമാകണം
നിയമങ്ങളുടെ ഭാഷ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലളിതമാകണമെന്നും എങ്കിലേ അവർക്ക് നിയമങ്ങളുമായി അടപ്പം വരൂ എന്ന് മോദി പറഞ്ഞു. ഭേദഗതികൾ വരുന്ന മുറയ്ക്ക് പഴയ നിയമങ്ങൾ ഇല്ലാതാകണം. വികസന പദ്ധതികൾ നടപ്പാകാൻ വൈകുന്നത് അവയുടെ ലക്ഷ്യത്തെ ബാധിക്കും. പ്രതിഷേധങ്ങൾ വഴിമുടക്കിയ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ട് ഉദാഹരണമാണ്. അണക്കെട്ട് പൂർത്തിയായപ്പോൾ ഗുജറാത്തിന് പുറമെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകർക്ക് വെള്ളം ലഭിക്കുന്നുണ്ട്.
മുംബയ് ഭീകരാക്രമണ വാർഷികമായിരുന്ന ഇന്നലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, ഭീകര വിരുദ്ധ പോരാട്ടം നടത്തുന്ന സൈനികർക്കും അഭിവാദ്യം അർപ്പിച്ചു.