ശബരിമല : കൊവിഡ് വ്യാപനത്തെ പ്രതിരോധിച്ച് തീർത്ഥാടനം സുരക്ഷിതമായി നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ, കച്ചവടക്കാർ, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർ എന്നിവർക്ക് നിർബന്ധമാക്കിയിട്ടുണ്ട്.
നിലയ്ക്കൽ ബേസ് ക്യാമ്പിൽ കൊവിഡ് ടെസ്റ്റിനുളള വിസ്ക് (വാക്കിംഗ് സ്ക്രീനിംഗ് കിയോസ്ക്) സൗകര്യം ലഭ്യമാണ്. തീർത്ഥാടകർക്ക് ആന്റിജൻ പരിശോധനയാണ് വിസ്കുകളിൽ നടത്തുന്നത്. 20 മിനിട്ടിനുള്ളിൽ ഫലം ലഭിക്കും. കൊവിഡ് പരിശോധനയ്ക്ക് സർക്കാരിന്റെ ഒരു വിസ്കും മൂന്നു സ്വകാര്യ വിസ്കുകളുമാണ് നിലയ്ക്കൽ പ്രവർത്തിക്കുന്നത്. ഇതിൽ സർക്കാർ വിസ്കിൽ രാത്രി 12 മുതൽ പുലർച്ചെ നാല് വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ അഞ്ച് വരെയും പരിശോധനയുണ്ട്. നിലയ്ക്കലെ മൂന്ന് സ്വകാര്യ വിസ്കും 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. 625 രൂപയാണ് ആന്റിജൻ പരിശോധനയ്ക്ക് നിരക്ക്.
ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർക്ക് സർക്കാർ വിസ്കിൽ കൊവിഡ് പരിശോധന സൗജന്യമാണ്. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ അവരെ പ്രാഥമിക ചികിത്സ നൽകി പെരുനാട് കാർമൽ സി.എഫ്.എൽ.ടി.സി യിലേക്കോ, ഹോം ഐസൊലേഷൻ താത്പര്യപ്പെടുന്ന പക്ഷം അവരെ സ്വന്തം വീടുകളിലേക്കോ മടക്കി അയയ്ക്കും. വിസ്കിനോട് അനുബന്ധിച്ച് ഡോക്ടർമാർ, നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, വോളന്റിയേഴ്സ് എന്നിവരുടെ സേവനവും ലഭ്യമാണ്. വളരെ അവശ്യഘട്ടം ഉണ്ടായാൽ മാത്രം പമ്പയിലും സന്നിധാനത്തും കൊവിഡ് പരിശോധന നടത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ. ഷീജ പറഞ്ഞു.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്ത തീർത്ഥാടകർ, കച്ചവടക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്കായി നിലയ്ക്കലിന് പുറമേ കുമ്പഴ, തിരുവല്ല, കുളനട എന്നിവിടങ്ങളിൽ കിയോസ്കുകൾ ഒരുക്കിയിട്ടുണ്ട്.