വൈറലായി ഒരു മുടിവെട്ടൽ
ന്യൂഡൽഹി: കുട്ടികളെ മുടിവെട്ടിക്കാൻ കൊണ്ടുപോവുകയെന്നത് ചില മാതാപിതാക്കൾക്കെങ്കിലും ഹെർകൂലിയൻ ടാസ്കാണ്. അവരെ കുറച്ചു സമയം അടക്കിയിരുത്തുക ഒരു പ്രധാന വെല്ലുവിളിയാണെങ്കിൽ അതിനുമപ്പുറം മുടി വെട്ടിക്കാൻ അവരുടെ സമ്മതം വാങ്ങുകയെന്ന ബാലികേറാമലയും മുന്നിലുണ്ട്. മുറിഞ്ഞുവീഴുന്ന മുടിയെടുത്ത് വച്ച് ഉറക്കെ കരയുന്ന കുഞ്ഞുങ്ങളും പല ഹെയർകട്ട് സലൂണുകളിലെയും സ്ഥിരം കാഴ്ചയാണ്. അത്തരമൊരു കാഴ്ചയും മുടിവെട്ടുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അനുശ്രൂത് എന്ന കുട്ടിക്കുറുമ്പനെ വീട്ടിൽ വച്ച് മുടിമുറിക്കാൻ ശ്രമിച്ച അച്ഛൻ അനൂപിനെയും മുടിവെട്ടാനെത്തിയ ആളെയും വിരട്ടുന്നതാണ് വീഡിയോയിലുള്ളത്. രണ്ട് വീഡയോകളാണ് അനുശ്രൂതിന്റേതായി പുറത്തുവന്നത്. ദേഹം മുഴുവൻ പുതപ്പിൽ മൂടി മുടിമുറിക്കാനിരിക്കുന്ന അനുശ്രൂതിനെയാണ് വീഡിയോയിൽ കാണുന്നത്. തന്റെ മുടി വെട്ടുന്നതിൽ ശക്തമായി പ്രതിഷേധിച്ചാണ് അനുശ്രൂത് ഇരിക്കുന്നത്. മുടി മുറിച്ചു തുടങ്ങിയതോടെ ദേഷ്യം സങ്കടത്തിനും കണ്ണീരിനും വഴിമാറി. മുടി വെട്ടുന്നയാൾ പല കാര്യങ്ങളും ചോദിക്കുന്നുണ്ടെങ്കിലും അതൊന്നും കുഞ്ഞിനെ ആശ്വസിപ്പിക്കാനായില്ല. 'എന്റെ പേര് അനുശ്രൂത്. എന്റെ മുടി മുറിക്കരുത്" എന്ന് അവൻ മുടിവെട്ടുന്നയാളോട് യാചിക്കുന്നുണ്ട്. എന്നിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ യാചനയുടെ സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിച്ചു. അത് വിരട്ടലിന്റേതായി. 'എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. എന്റെ മുടി മുറിച്ചാൽ നിങ്ങളുടെ മുടി ഞാനും മുറിക്കും' എന്നാണ് അവൻ പറയുന്നത്. മുടി മുറിച്ച ശേഷമുള്ള അനുശ്രൂതിന്റെ പ്രതികരണമാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. മുടിവെട്ടുകാരൻ ചേട്ടനോട് ഭയങ്കര ദേഷ്യമാണ് എന്ന് കുഞ്ഞ് പ്രതികരിക്കുന്നുണ്ട്. പത്ത് ലക്ഷത്തിലേറെ പേരാണ് കുട്ടി മുടിവെട്ട് സോഷ്യൽ മീഡിയ വഴി കണ്ടത്. പലരും കുഞ്ഞിനോട് അനുഭാവം പ്രകടിപ്പിക്കുമ്പോൾ ചിലർ തങ്ങളുടെ സമാന അനുഭവം പങ്കുവയ്ക്കുന്നുണ്ട്.