തിരുവനന്തപുരം: സർവകലാശാലാ പ്രവേശനത്തിന് ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദ്ദേശിച്ചിട്ടുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയെയും നാലു വർഷ ബിരുദ കോഴ്സുകളെയും സംസ്ഥാന സർക്കാർ എതിർക്കും.
നിലവിലെ അഫിലിയേറ്റ് കോളേജുകൾ ഉപേക്ഷിക്കില്ല. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ വിഹിതം കുറവാണ്. അതിനാൽ കൂടുതൽ കേന്ദ്രസ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിക്കണം.സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകരുത്. അദ്ധ്യാപക നിയമനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. ഗവേഷണം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ഫണ്ട് നൽകണം. 50 ശതമാനം പേർക്കെങ്കിലും ഉന്നതവിദ്യാഭ്യാസം നൽകുകയെന്ന നയം നടപ്പാക്കാൻ കൂടുതൽ കേന്ദ്രസഹായം ലഭിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.ടി ജലീൽ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് എന്നിവർ ഗവർണറെ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗവർണർ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയത്.