തിരുവനന്തപുരം: കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ വോട്ടും അവസാന ദിവസം കൊവിഡ് പിടിപെടുന്നവർക്ക് പ്രത്യേക വോട്ടിംഗ് സംവിധാനവും തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തും. പ്രത്യേക ബാലറ്റ് പേപ്പറും ഒരുക്കും.
സ്പെഷ്യൽ വോട്ടർമാരുടെ പട്ടിക തയ്യാറാക്കാൻ ജില്ലാ ആരോഗ്യ ഒാഫീസർമാരെ ചുമതലപ്പെടുത്തും. അവർ വോട്ടെടുപ്പിന് പത്തു ദിവസം മുമ്പു മുതൽ വോട്ടെടുപ്പിന്റെ തലേ ദിവസം വൈകിട്ട് മൂന്ന് മണി വരെ പട്ടിക തയ്യാറാക്കി ജില്ലാ പോളിംഗ് ഓഫീസർക്ക് കൈമാറും. തയ്യാറാക്കുന്ന പട്ടികകൾ അതത് ദിവസം വൈകിട്ട് ആറിന് മുമ്പ് ജില്ലാ പോളിംഗ് ഓഫീസർമാർക്ക് കൈമാറണം.ഇതനുസരിച്ച് വോട്ടർ പട്ടികയിലും മാറ്റം വരുത്തും. ഇത് വെബ്സൈറ്റിലും ഇടും. ഇതനുസരിച്ചാണ് വോട്ടെടുപ്പ് ക്രമീകരിക്കുക.
കൊവിഡ് പോസിറ്റിവാകുന്നവരും ക്വാറന്റൈനിലാകുന്നവരും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. ഇത് നൽകുന്നതിന് പ്രത്യേക ഒാഫീസറെ ജില്ലാആരോഗ്യവകുപ്പ് നിർദ്ദേശിക്കും. വോട്ടെടുപ്പിന്റെ തലേദിവസം വൈകിട്ട് മൂന്ന് മണി വരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമായിരിക്കും തപാൽ വോട്ട് . വോട്ടെടുപ്പിന്റെ തലേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ശേഷം രോഗബാധിതനോ, രോഗബാധിത സാധ്യതയുള്ള ക്വാറന്റിയിനിലാകുകയോ ചെയ്താൽ നേരിട്ട് വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർ വോട്ടെടുപ്പ് ദിവസം വൈകിട്ട് മൂന്നിന് അതത് പോളിംഗ് സ്റ്റേഷനിലെത്തണം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അനുമതി നൽകും. സ്വയം ക്വാറന്റൈൽ പോകുന്നവർക്കും കൊവിഡ് നെഗറ്റീവാകുന്നവർക്കും ഇൗ ആനുകൂല്യങ്ങൾ ലഭിക്കില്ല. തപാൽ വോട്ടിന് അർഹതയുള്ളവർക്ക് പ്രത്യേക ടീം നേരിട്ടെത്തി ബാലറ്റ്പേപ്പർ അടങ്ങിയ കവർ കൈമാറി രസീത് ഒപ്പിട്ട് വാങ്ങും. വോട്ട് ചെയ്ത ശേഷം കവർ നേരിട്ട് അയക്കണം.